ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പരാജയമായിരുന്നുവെന്ന് തെളിഞ്ഞാല്‍ ജനങ്ങള്‍ക്ക് തന്നെ ജീവനോട് കത്തിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നിങ്ങളെ ജീവനോടെ ജനങ്ങള്‍ കത്തിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി പോയതാണ് അത് ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമായതു കൊണ്ടും ഇവിടെ ജനങ്ങള്‍ ശിക്ഷ വിധിക്കുന്ന രീതിയില്ലാത്തതു കൊണ്ടും മാത്രമാണ് നിങ്ങള്‍ രക്ഷപ്പെട്ടത്.
നിയമത്തിലും നീതിന്യായ വ്യവസ്ഥിതിയിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ പറഞ്ഞതു പോലെ ഒരു ആള്‍കൂട്ട വിചാരണക്ക് വിധേയമാക്കാനോ ജീവനോടെ കത്തിക്കാനോ ജനങ്ങള്‍ക്കാവില്ല. അത്തരമൊരു നിയമം ജനാധിപത്യ രാജ്യമായ ഇന്ത്യയിലില്ല. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ ജനങ്ങള്‍ വിധിച്ചിരിക്കും’, യശ്വന്ത് സിന്‍ഹ പറഞ്ഞു.
നോട്ട് അസാധുവാക്കിയത് രാജ്യത്തെ അഴിമതിയും കള്ളപ്പണവും തീവ്രവാദവും തുടച്ചു നീക്കാനാണെന്നായിരുന്നു 2016 നവംബര്‍ എട്ടിന് നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞത്. നികുതി വ്യവസ്ഥയെക്കുറിച്ചോ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നോ മോദി പറഞ്ഞിരുന്നില്ല.
ഇന്ധന വില വര്‍ധനവിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കുത്തനെ ഉയരുകയാണ്. ജനങ്ങളുടെ നടുവൊടിച്ച് പത്താം ദിവസവും വില ഉയര്‍ന്നത് മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷം തെരുവിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.