X

നരേന്ദ്രമോദിയെ അന്ന് വാഴ്ത്തി, ഇന്ന് ‘ഇന്ത്യയെ ഭിന്നിപ്പിച്ച പരമാധികാരിയെന്ന് വിശേഷിപ്പിച്ചു’: മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടൈം മാഗസിന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക പ്രശസ്തമായ ടൈം മാഗസിന്റെ ലേഖനം. നരേന്ദ്രമോദിയെ ‘ഇന്ത്യയുടെ ഭിന്നിപ്പിക്കലിന്റെ പരമാധികാരി’ എന്നു വിശേഷിപ്പിച്ചാണ് ലേഖനം വന്നിരിക്കുന്നത്. അതേസമയം, ലേഖനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. മെയ് 20-നാണ് മാഗസിന്‍ പുറത്തിറങ്ങുന്നത്.

മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയതാണ് ലേഖനം. ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് അമേരിക്കന്‍ ന്യൂസ് മാഗസിനായ ടൈമിന്റെ ഈ ലക്കം കവറില്‍ നിറഞ്ഞുനില്‍ക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലേഖനത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കുന്ന സാമുദായിക ഭിന്നിപ്പുകളെയും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും എടുത്തുപറയുന്നുണ്ട്.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളില്‍ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നല്‍കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നു.

നേരത്തെ, ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്റെയും കാലത്ത് മോദിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന ടൈം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മോദിക്കുള്ള പ്രശംസകളുമായും ടൈംമാഗസിന്‍ പിന്നീട് നിലയുറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മോദിയെ വാഴ്ത്താനും മാഗസിന്‍ മടി കാട്ടിയിട്ടില്ല. ഇന്ത്യയെ ഒരു വര്‍ഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്ന നിലയിലാണ് അന്ന് ടൈം മാഗസിന്‍ പുറത്തിറങ്ങിയത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനത്തോടെയാണ് പുതിയ ലക്കം മാഗസിന്‍ ഇറങ്ങുന്നത്.

chandrika: