സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.
മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.