ബെയ്ജിങ്: 2020 പകുതിയോടെ ഇന്ത്യയില്‍നിന്നുള്ള 3.7 കോടി വിഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ബൈറ്റ്ഡാന്‍സിന്റെ സുതാര്യത റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്.
ജൂണ്‍ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ആപ്പ് സ്‌റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്നും ഇത് നീക്കം ചെയ്തു. 2020ന്റെ ആദ്യപകുതിയില്‍ 3,76,82,924 വിഡിയോകളാണ് ഇന്ത്യയില്‍ നീക്കം ചെയ്തത്. ടിക്ടോക് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ 10,42,43,719 വിഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളത്.
ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഫാക്ട് ചെക്കിങ് ടിക്ടോക് നല്‍കിയിരുന്നു. നീക്കം ചെയ്ത വിഡിയോകളില്‍ 96.46 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പുതന്നെ മാറ്റിയിട്ടുള്ളതാണ്. 90.32 ശതമാനം വ്യൂ ലഭിക്കുന്നതു മുന്‍പും മാറ്റിയെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.