സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം എന്നതാണ് ശ്രദ്ധേയം. ബത്തേരി ടൌണിനോട് അടുത്ത പ്രദേശമായ മൂലങ്കാവില്‍ ഒരാഴ്ചയ്ക്കിടെ നാലിടത്താണ് കടുവയുടെ ആക്രമണമുണ്ടായത്. പ്രദേശത്തെ ക്ഷീരകര്‍ഷകരാണ് കടുവ ശല്യംകൊണ്ട് ഏറെ പ്രതിസന്ധിയിലായിട്ടുള്ളത്. പട്ടികളും പശുക്കളും എന്തിന് കോഴികളെ അടക്കമാണ കടുവ ഇരയാക്കുന്നത്.
വനംവകുപ്പിന്റെ നടപടികള്‍ക്ക് തീരെ വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഏറ്റവും ഒടുവിലായി ആക്രമണത്തിനിരയായത് മൂലങ്കാവ് സ്വദേശി രാജേഷിന്റെ പശുവിനെയാണ്. ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടിട്ടില്ലെങ്കിലും ആരോഗ്യ സ്ഥിതി അതീവ മോശമാണ്. നന്നായി മുറിവേറ്റ പശുവാകട്ടെ ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും രാജേഷ് പറയുന്നു. നഷ്ടപരിഹാരം നല്‍കണമെന്നാണ് രാജേഷ് ആവശ്യപ്പെടുന്നത്.
മൂലങ്കാവ് എറളോട്ടുകുന്നിലാണ് നിലവില്‍ കടുവ നിലയുറപ്പിച്ചിട്ടുള്ളത്. ഒരാഴ്ചയക്കിടെ 2 പട്ടികളെയാണ് കടുവ പിടിച്ചത്. രണ്ട് പശുക്കളും ആക്രമണത്തിന് ഇരയായി. കോഴിഫാമില്‍ കയറി വലിയ നാശമുണ്ടാക്കിയ കടുവ നൂറോളം കോഴികളെയാണ് കൊന്നത്. വൈകീട്ട് ഇരുട്ട് വീണാല്‍ ജനവാസ മേഖലയില്‍ കടുവ എത്തുന്നുണ്ടെന്നാണ് പരാതി.
രാത്രിമുഴുവന്‍ ആര്‍ആര്‍ടിയും വനം ഉദ്യോഗസ്ഥരും മേഖലയില്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് കടുവയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം. വനംവകുപ്പിന്റെ നടപടികള്‍ക്ക് വേഗം പോരാ എന്ന് പരാതിപ്പെടുന്ന നാട്ടുകാര്‍ കൂട് വച്ചോ, മയക്കുവെടിവച്ചോ കടുവയുടെ ശല്യം ഒഴിവാക്കണം എന്നാണ് ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ തേടിയെത്തുന്ന കടുവ ഇരതേടാന്‍ കെല്‍പ്പില്ലാത്ത കടുവയെന്ന് വനംവകുപ്പ് നിരീക്ഷണം.