വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം കണ്ടെത്തി. നേരത്തെ രാധയെ കടുവ ആക്രമിച്ച പ്രദേശത്തോട് ചേർന്നാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇത് കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പഞ്ചാരക്കൊല്ലിയിലെ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് വൻതോതിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. രാധയെ ആക്രമിച്ച നരഭോജി കടുവയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ആളെക്കൊല്ലി കടുവയുടെ പിടികൂടാനുള്ള തെരച്ചിലിലായിരുന്നു ദൗത്യസംഘം.
ജില്ലയിൽ മൂന്ന് റേഞ്ചുകളായി തിരിച്ച് ആഴ്ചയിൽ മൂന്ന് ദിവസം തെരച്ചിൽ നടത്തുമെന്ന് നം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണവും വെള്ളവും കുറവായത് കൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നതെന്നും ജലലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കർമ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയായ ‘മിഷൻ FFW’ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൻ്റെ ഭാഗമായി വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുചീകരിക്കുമെന്നും യൂക്കാലി പോലുള്ള മരങ്ങൾ വെട്ടിനീക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ജനകീയ തെരച്ചിൽ നടത്തുമെന്നും ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.