X

കടുവ ആക്രമണം; പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ- കടുവ സംഘഷം തടയാന്‍ പ്രായോഗികവും ഫലപ്രദവുമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വ്യവസ്ഥകള്‍ മനുഷ്യ കടുവ സംഘര്‍ഷം പരിഹരിക്കാന്‍ തടസം നില്‍ക്കുകയാണെങ്കില്‍ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനമെന്ന നിലയില്‍ വ്യവസ്ഥകളില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനം അതോറിറ്റിയോട് ആവശ്യപെടണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കര്‍ഷക സംഘടനയായ കിഫ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വയനാട്ടില്‍ 2018ലെ സെന്‍സസ് പ്രകാരം 154 കടുവകളുണ്ട്. എന്നാല്‍ വയനാടിന് താങ്ങാന്‍ പറ്റുന്നത് ഏകദേശം 30 കടുവകള്‍ മാത്രമാണ്. കടുവകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവാണ് കടുവകള്‍ സ്ഥിരമായി വനത്തിനു പുറത്തേക്കു ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കടുവയെ കണ്ടെത്താന്‍ ക്യാമറ വെക്കുന്നതിനു പകരം ആദ്യം കൂട് സ്ഥാപിക്കണമെന്ന് പരാതിയില്‍ പറയുന്നു. കൂടുതലുള്ള കടുവകളെ സംസ്ഥാനത്തിന് പുറത്തു മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. കടുവയെ വനത്തിനുള്ളില്‍ വിടുകയാണെങ്കില്‍ റേഡിയോ കോളര്‍ ധരിപ്പിച്ചു മാത്രമേ വിടാന്‍ പാടുള്ളുവെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കിഫ കാമറകള്‍ സ്ഥാപിച്ച് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അനാവശ്യ കടുവാ ഭീതി സൃഷ്ടിക്കുകയാണെന്ന് വയനാട് ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. കടുവകള്‍ക്ക് പുറമേ കാട്ടാന ആക്രമണവും വയനാട്ടില്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പിന് നിയമാനുസരണം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ദേശീയ മൃഗമായ കടുവയെ അവരുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഭയരഹിതമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണം. മനുഷ്യ വന്യ ജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന വന്യ ജീവി ആക്രമണം കാരണം ആളുകള്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ആശങ്കയോടുകൂടെയാണ് കാണുന്നതെന്നും ഉത്തരവില്‍ പറയുന്നു.

webdesk11: