കൊച്ചി: ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ ഭിന്നത. യോഗത്തിനിടെ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസിന്റെ നേതാവുമായ തുഷാര്‍ വെള്ളാപ്പളളി ഇറങ്ങി പോയി. ഗോത്രമഹാസഭ നേതാവ് സി.കെ ജാനു യോഗത്തില്‍ പങ്കെടുത്തതുമില്ല.
യോഗത്തിന് ശേഷം ഇതേ കുറിച്ചുള്ള ചോദ്യത്തിന് തുഷാര്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നായിരുന്നു മുന്നണി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ മറുപടി. സി.കെ ജാനുവും യോഗത്തില്‍ പങ്കെടുത്തില്ലല്ലോയെന്ന ചോദ്യത്തിന് പകരം പ്രതിനിധിയെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ ലഭിക്കുന്നത് വൈകുന്നതിനെതിരെ യോഗത്തില്‍ ഘടകകക്ഷികള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ഘടക കക്ഷികള്‍ യോഗത്തില്‍ പറഞ്ഞു. നാളുകളായി ഇക്കാര്യങ്ങള്‍ പലതവണ പറഞ്ഞിട്ടും നടപ്പിലാക്കാത്തതിലുള്ള കടുത്ത അതൃപ്തിയും ഘടക കക്ഷികള്‍ യോഗത്തില്‍ അറിയിച്ചു. ബിഡിജെഎസ്, ലോക്ജനശക്തി ഉള്‍പ്പെടെയുള്ള കക്ഷികളാണ് പ്രധാനമായും തങ്ങളുടെ അതൃപ്തി യോഗത്തില്‍ അറിയിച്ചത്. കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന്റെ മിക്ക ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ഇപോഴും കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇരിക്കുന്നതെന്നും ഘടക കക്ഷി പ്രതിനിധികള്‍ വിമര്‍ശിച്ചു. ലഭിക്കുന്ന ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എല്ലാ ഘടക കക്ഷികള്‍ക്കും പാര്‍ട്ടിയുടെ വലുപ്പ, ചെറുപ്പം നോക്കാതെ തുല്യമായി നല്‍കണമെന്ന ആവശ്യവും കക്ഷികള്‍ ഉന്നയിച്ചു.
ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കണമെന്ന് പറയാമെന്നല്ലാതെ ഇക്കാര്യങ്ങളില്‍ തീരൂമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. ജൂണ്‍ രണ്ടിന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചിയില്‍ ചേരുന്ന എന്‍ഡിഎ നേതൃയോഗത്തില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കാമെന്ന് കുമ്മനം യോഗത്തെ അറിയിച്ചു.