കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ എസ്.എന്‍.ഡി.പി നേതാവ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകീട്ട് ഏഴ് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന തുഷാറിന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും. തുടര്‍ന്ന് ആലുവയില്‍ വിശദീകരണയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
രാത്രി കണിച്ചുകുളങ്ങരയില്‍ എത്തിയശേഷം തുഷാര്‍ വെളളാപ്പളളി വാര്‍ത്താ സമ്മേളനവും നടത്തും. ചെക്ക് കേസിലെ പരാതിക്കാരനായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസത്തിലെടുക്കാതെയാണ് തുഷാറിനെതിരായ ക്രിമിനല്‍ കേസ് അജ്മാന്‍ കോടതി കഴിഞ്ഞ ദിവസം തളളിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ല നല്‍കിയ കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തളളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കിയിരുന്നു.
അതേസമയം, തനിക്കെതിരെ ചെക്ക് കേസ് നല്‍കിയ വ്യവസായി നാസില്‍ അബ്ദുല്ലക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആരോപിച്ചാകും പരാതി നല്‍കുക. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തല്‍ക്കാലം പരാതി കൊടുക്കുന്നതിനാല്‍ പേര് പറയുന്നില്ലെന്നും തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.