ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. 70 വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെത്തുടര്‍ന്നാണ് തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയതിലൂടെ തുഷാര്‍ ഗാന്ധി ഉദ്ദേശിക്കുന്നത് എന്തെന്ന് കോടതി ആരാഞ്ഞു. കക്ഷികള്‍ക്കു നോട്ടിസ് അയക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോ ള്‍ തുഷാറിന്റെ നിലപാട് അറിയിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അറിയിച്ചു. എന്നാല്‍, കേസിനെക്കുറിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എം.എം. ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നാഷനല്‍ ആര്‍ക്കൈവ്സില്‍നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെന്നും നാലാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നും അമിക്കസ് ക്യൂറി അമരേന്ദര്‍ ഷാരണ്‍ അറിയിച്ചു. കേസില്‍ ഒക്ടോബര്‍ ആറിനാണ് ഷാരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുംബൈ സ്വദേശിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയുടെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്‌നിസാണ് ഗാന്ധിജിയുടെ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജിക്കാരന്റെ ഗൂഢലക്ഷ്യത്തെയും ഇന്ദിരാ ജയ്‌സിങ് ചോദ്യം ചെയ്തു. നാഥുറാം ഗോഡ്‌സെയെയും നാരായണ്‍ ആപ്‌തെയെയും തൂക്കിലേറ്റിയ കേസില്‍ തെളിവുകള്‍ ഇനി എങ്ങനെ കണ്ടെത്തുമെന്നും മറ്റും കോടതി ചോദിച്ചു.
1949 നവംബര്‍ 15നാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിനായക് ദാമോദര്‍ സവര്‍ക്കറെ വിട്ടയക്കുകയുമായിരുന്നു. 1948 ജനുവരി 30നായിരുന്നു ഹിന്ദുത്വ ഭീകരന്‍ നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്.