X
    Categories: MoreViews

നൂറാം വയസിലും ഖുര്‍ആനെ ജീവിതചര്യയാക്കി; ഹമീദ്കുട്ടി എന്ന തുപ്പാശേരി ഉപ്പുപ്പ

അരുണ്‍ ചാമ്പക്കടവ്

കൊല്ലം: ചവറ സ്വദേശിയായ കൊട്ടുകാട് തുപ്പാശ്ശേരി വീട്ടില്‍ ഹമീദ്കുട്ടി എന്ന തുപ്പാശ്ശേരി ഉപ്പുപ്പ നൂറാം വയസിലും റമസാനിന്റെ പുണ്യം തേടുകയാണ്. 9 മക്കളില്‍ 16 ചെറുമക്കളും ചെറുമക്കളില്‍ 19 കൊച്ചുമക്കളും കൂടി 44 മക്കള്‍. അങ്ങനെ മൂന്ന് തലമുറകളുടെ പ്രാര്‍ത്ഥനയും ഇദ്ദേഹത്തിനൊപ്പമുണ്ട്.

 

മകന്‍ നാസറിനൊപ്പമാണ് തുപ്പാശേരി ഉപ്പാപ്പ ഇപ്പോള്‍ താമസിക്കുന്നത്. ഖദീജ ഉമ്മ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. എല്ലാദിവസവും 2.30ന് ഉറക്കമുണര്‍ന്ന് പ്രാഥമിക കാര്യങ്ങള്‍ക്ക് ശേഷം തഹജ്ജുദ് നിസ്‌കാരം ഉപ്പാപ്പ നിര്‍വ്വഹിക്കും. തുടര്‍ന്ന് സുബഹി ബാങ്ക് വരെ ഖുര്‍ആന്‍ പാരായണം, സുബഹി നിസ്‌കാരത്തിനായി ചെറുമകന്‍ ശാഫിയുമായി അര കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടുകാട് ജുമാമസ്ജിദിലേക്ക്, നിസ്‌കാര ശേഷം വൈകിട്ട് നോമ്പ് തുറ വരെ പള്ളിയില്‍ ഇഹ്ത്തികാഫിലായി ദീര്‍ഘനേരത്തെ ഖുര്‍ആന്‍ പാരായണം- ഇത് മഗ്‌രിബ് ബാങ്ക് കേള്‍ക്കും വരെ നീളും. പള്ളിയില്‍ നോമ്പ് തുറന്നതിനു ശേഷം വീട്ടില്‍ പോയി ആഹാരം കഴിച്ചു അല്‍പം വിശ്രമിച്ച ശേഷം വീണ്ടും പള്ളിയിലേക്ക്. രാത്രി 11 മണി വരെ നീളുന്ന തറാവീഹ് നിസ്‌കാരങ്ങള്‍ക്കും മൗലിദ് സദസ്സിനു ശേഷം വീട്ടില്‍ തിരിച്ചെത്തും. റമസാന്‍ മാസത്തില്‍ 7 ഖത്തം ഖുര്‍ആന്‍(ഖുര്‍ആന്‍ മുഴുവന്‍ പാരായണം) റമസാന്‍ അല്ലാത്ത മാസം 5 ഖത്തം പൂര്‍ത്തിയാക്കും. ഏഴാംവയസ്സിലാണ് നോമ്പ് എടുക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ ഈ നൂറാം വയസ്സുവരെയും നോമ്പ് പൂര്‍ണമായും നോക്കുന്നു.

തേങ്ങ കച്ചവടമായിരുന്നു തുപ്പാശേരി ഉപ്പുപ്പയുടെ തൊഴില്‍. കച്ചവടത്തിലേ സത്യസന്ധതയും നാട്ടില്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. പുണ്യങ്ങള്‍ പൂക്കുന്ന റമളാന്‍ തുപ്പാശ്ശേരി ഉപ്പാപ്പക്ക് ആവേശമാണ്. ഖുര്‍ആനിന്റെ വാര്‍ഷികമായ റമസാനില്‍ മുഴുവന്‍ സമയവും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയാണ് ഈ ഉപ്പുപ്പ.

chandrika: