തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വരെ കനത്ത ഇടിമിന്നലിന് സാധ്യതയുണ്ടെന്നും, ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഉച്ചകഴിഞ്ഞ് രാത്രി 10 മണി വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലുപേര്‍ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
നാളെ ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച എട്ടു ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.