തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ടാംതവണയാണ് രേഖകള്‍ നഷ്ടമാകുന്നത്. ആദ്യം ഇടിമിന്നലായിരുന്നു വില്ലന്‍. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ക്യാമറകള്‍ മിന്നലില്‍ നശിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സെക്രട്ടേറിയറ്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ക്യാമറകള്‍ കേടായതെന്നും സ്വിച്ച് നന്നാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചത്.
ഇതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങള്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടു. 2019 ജൂണ്‍ മുതല്‍ 2020 ജൂലായ് 10 വരെയുള്ള ദൃശ്യങ്ങളാണ് തേടിയത്. ഇവ പകര്‍ത്തിനല്‍കാന്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ഇല്ലെന്നുപറഞ്ഞ് ദൃശ്യങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവെച്ചിരുന്നു. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന വിവരം ഇതിനിടെ പുറത്തുവന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു.
ഇതിനിടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന പൊതുഭരണവകുപ്പിലെ ക്യാമറാ സെര്‍വര്‍ റൂമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെര്‍വര്‍ റൂമിലും ക്യാമറ സ്ഥാപിച്ചു. ഇവിടേക്ക് മറ്റു ജീവനക്കാര്‍ പ്രവേശിക്കുന്നത് നിരോധിച്ചു. പ്രോട്ടോകോള്‍ വിഭാഗത്തിലടക്കം സുരക്ഷ ശക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് തീപ്പിടിത്തത്തില്‍ നിര്‍ണായക ഫയലുകള്‍ നഷ്ടമാകുന്നത്.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകള്‍ സൂക്ഷിച്ചിരുന്ന വിഭാഗത്തിനാണ് തീപടര്‍ന്നത്. അനധികൃതമായി യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി. ജലീലിന്റേതടക്കമുള്ള യാത്രകള്‍ പരിശോധിക്കാന്‍ ദേശീയ ഏജന്‍സികള്‍ തീരുമാനിച്ചിരുന്നു.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷകളും ഈ വിഭാഗത്തില്‍ എത്തിയിരുന്നു. ഇവ ഇഫയലുകളല്ല. അതിനാല്‍ ഫയലിന് കേടുപാടുണ്ടായാല്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.