തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ നിലവില്‍ ഇന്റര്‍നെറ്റ് ബാങ്ക് സൗകര്യമുളളവര്‍ക്കു മാത്രമേ ഈ-ട്രഷറി വഴി ഓണ്‍ലൈനായി പണം അടയ്ക്കാന്‍ സാധിച്ചിരുന്നുളളു. ഇനി മുതല്‍ ഏതു ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും ഇതുവഴി പണം അടയ്ക്കാം.
സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ-ട്രഷറി https://etreasury.kerala.gov.in/ വഴി കാര്‍ഡ് പെയ്മന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഇടപാടുകാര്‍ക്ക് പണമടച്ച് അപ്പോള്‍ തന്നെ ചെല്ലാന കൈപ്പറ്റാം. ഇതോടുകൂടി ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുളള ബാങ്കുകളുടെ ബ്രാഞ്ചുകള്‍, സംസ്ഥാനത്തെ ട്രഷറി കൗണ്ടറുകള്‍. അക്ഷയകേന്ദ്രങ്ങള്‍ എന്നിവ കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയും സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്.