X

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഞ്ചാവുകേസിലെ പ്രതിയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പാലക്കാടുനിന്നും ഒരു സംഘം ഇവരെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഒരാഴ്ച്ചക്കിടെ തൃശൂരില്‍ അഞ്ചാമത്തെ കൊലപാതകമാണ് നടക്കുന്നത്. നേരത്തെ സിപിഎം പ്രവര്‍ത്തകനായ സനൂപ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് അന്തിക്കാട് നിധിന്‍ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, നിധിന്‍ കൊലക്കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു യുവാക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘം രക്ഷപെടാനായി തട്ടിയെടുത്ത കാറും ബൈക്കും കൊച്ചി പനങ്ങാട് നിന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ബിജെപി പ്രവര്‍ത്തകന്‍ നിധിന്‍ കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെക്കുറിച്ചും പോലീസിന് ധാരണയായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് പേരാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.

അന്തിക്കാട് മാങ്ങാട്ടുകരയില്‍ ആണ് സംഭവം നടന്നത്. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28)നെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

നിധിന്‍ സഞ്ചരിച്ച കാറില്‍ അക്രമിസംഘം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു

2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു കൊലപാതകത്തിന്റെ കാരണം. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്‍. ആദര്‍ശിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ ശ്രമിച്ചതും ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായിരുന്നു നിധിനെതിരേയുള്ള കുറ്റം.

 

 

chandrika: