X

ചോരപ്പുഴയായി തൃശൂര്‍; പത്ത് ദിവസത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍

തൃശ്ശൂര്‍: നാടിനെ നടുക്കി തൃശ്ശൂര്‍ ജില്ലയില്‍ പത്ത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങള്‍. ഇന്നും തൃശൂര്‍ പഴയന്നൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പഴയന്നൂര്‍ പട്ടിപ്പറമ്പില്‍ റഫീക്ക് (32 ) ആണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശ്ശൂര്‍ പാലക്കാട് അതിര്‍ത്തിയിലാണ് സംഭവം. പത്ത് ദിവസമായി ഇരുവരും പട്ടിപ്പറമ്പില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിഥിലിനെ കാറിലെത്തിയ അക്രമി സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിഥിലിനെ വിളിച്ചിറക്കിയാണ് വെട്ടിക്കൊന്നത്. മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപമായിരുന്നു സംഭവം.

ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന അറുപതുകാരനും കഴിഞ്ഞ ദിവസം മരിച്ചു. ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിയാണ് മരിച്ചത്. ബന്ധുവായ അക്ഷയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തു നായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമായതെന്ന് പറയപ്പെടുന്നു.

ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ്, കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന യുവ വനിതാ ഡോക്ടര്‍, ചേലക്കര എളനാട് പരോളിലിറങ്ങിയ പീഡനക്കേസ് പ്രതി എന്നിവരും ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണവും കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. മര്‍ദ്ദനമേറ്റാണ് ഷെമീര്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

 

chandrika: