X

മണ്ണും മനസ്സും നിറച്ച് പൂരം

കെ.എ മുരളീധരന്‍
തൃശൂര്‍: മേടവെയിലില്‍ തിളങ്ങുന്ന ആലിലകളെ താളം പിടിപ്പിക്കുന്ന മേളങ്ങള്‍. ആനചന്തം നിറച്ച് ചങ്ങലകിലുക്കി കരിവീരന്മാരുടെ എഴുന്നള്ളിപ്പുകള്‍. നിറങ്ങളില്‍ നീരാടി കുടമാറ്റം. ആകാശത്ത് ആസ്വാദനത്തിന്റെ പൂമഴയായി കരിമരുന്ന് പ്രയോഗം. ഇതിലെല്ലാം അലിഞ്ഞ് ജനസാഗരം. മണ്ണിലും വിണ്ണിലും നിറഞ്ഞ് മേള വര്‍ണ വിസ്മയമായി ഒരിക്കല്‍കൂടി തൃശൂര്‍ പൂരം പൂത്തുലഞ്ഞു.
രാവിലെ ആറരയോടെ വെയിലും മഴയുമേല്‍ക്കാതെ കണിമംഗലം ശാസ്താവ് ശ്രീവടക്കുംനാഥനെ തൊഴാനെത്തിയതോടെ ഒരുചെറിയ പുഴപോലെ ആള്‍ക്കൂട്ടം. പിന്നാലെ മറ്റ് ഘടകപൂരങ്ങളും എത്തിയതോടെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും പൂരം മാത്രം. എഴുന്നള്ളിപ്പുകള്‍ക്കൊപ്പം ഒഴുകിയെത്തിയ ആള്‍ക്കൂട്ടങ്ങള്‍ മെല്ലെ മെല്ലെ മൈതാനിയില്‍ നിറയുന്നു. രാവിലെ 11 മണിയോടെ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി ഭഗവതിയുടെ പ്രശസ്തമായ മഠത്തില്‍ വരവ്. പഞ്ചവാദ്യ തിരുമധുരം വിളമ്പി പ്രമാണം വഹിച്ച കോങ്ങാട് മധു തിമിലയില്‍ വിരല്‍പെരുക്കിയപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ ആയിരം കൈകള്‍ക്കൊപ്പം ബ്രഹ്മസ്വംമഠത്തിലെ ആലിലകളും താളം പിടിക്കുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പ്. 2.30ന് റെക്കോര്‍ഡിട്ട് പെരുവനം കുട്ടന്‍മാരാര്‍ 21-ാം വര്‍ഷവും ശ്രീവടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറമേളത്തിന് പ്രമാണം വഹിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ച കുഞ്ഞിലഞ്ഞി പൂവിട്ട് സുഗന്ധം പരത്തി. വൈകീട്ട് മൂന്നിന് നടുവിലാലില്‍ നിന്ന് കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തിന്റെ രൗദ്രതയുടെ ആവേശം. 5.30 ചരിതപ്രസിദ്ധമായ തെക്കോട്ടിറക്കം. തെക്കേ ഗോപുരനടയില്‍ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം നിന്ന് കുടമാറ്റത്തിനൊരുങ്ങുമ്പോള്‍ ഇടയില്‍ അലയടിച്ചാര്‍ക്കുന്ന ജനസാഗരം. മേളത്തിനൊപ്പം മാറി മാറി ഉയര്‍ത്തിയ കുടകള്‍ക്കൊപ്പം ആരവമിട്ട് ആഹ്ലാദം പ്രകടിപ്പിച്ച പൂരപ്രേമികള്‍ക്ക് ആനന്ദംപകര്‍ന്ന് സായംസന്ധ്യയില്‍ നിറങ്ങളുടെ നീരാട്ട്. രാത്രി 11 മണിക്ക് പാറമേക്കാവിന് മുന്നില്‍ പരയ്ക്കാട് തങ്കപ്പന്‍മാരാരുടെ പ്രമാണത്തില്‍ നടന്ന പഞ്ചവാദ്യത്തിന്റെ തേന്‍ മഴയില്‍ ആയിരങ്ങള്‍ നനഞ്ഞു. രാത്രി തേക്കിന്‍കാട് മൈതാനത്തെ വര്‍ണാഭമാക്കി കരിമരുന്നിന്റെ മായാജാലം.

chandrika: