X

തൃശൂര്‍ പൂരം; ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂര്‍ പൂരത്തവുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ എത്തിയതിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് കേസ്. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് കേസ്. ഇന്ന് പുലര്‍ച്ചെക്ക് സുരേഷ് ഗോപിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

2024 ഏപ്രില്‍ 20ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാന്‍ ആംബുലന്‍സില്‍ എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു ആദ്യം സുരേഷ് ഗോപി പറഞ്ഞിരുന്നത്. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആംബുലന്‍സില്‍ കയറിയെന്ന് സുരേഷ് ഗോപി സമ്മതിക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയെന്നും തന്റെ വാഹനം പാര്‍ട്ടി ഗുണ്ടകള്‍ അക്രമിച്ചെന്നും സുരേഷ് ഗോപി മാറ്റി പറഞ്ഞിരുന്നു.

ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതിനു പുറമേ, സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സിലാണെന്ന ബി.ജെ.പി തൃശൂര്‍ ജില്ല അധ്യക്ഷന്‍ അനീഷ് കുമാറിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു.

 

webdesk17: