തൃശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. സമീപ പ്രദേശത്തുള്ളവര്‍ ഉടന്‍ തന്നെ മാറിത്താമസിക്കണമെന്ന് നിര്‍ദേശം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നാലു വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് നടത്തിയ സംയുക്ത പരിശോധനയെത്തുടര്‍ന്നാണ് നിര്‍ദേശം.
മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല് അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകള്‍ നഗരസഭയെ അറിയിച്ചു.
മൈനിങ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്‍ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.