മുഖ്യശത്രുവായ ബി.ജെ.പി.യെ നേരിടാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസുമായും കൈകോര്‍ക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിയത് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് മൂലമായിരുന്നു. പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ളതും കാല്‍നൂറ്റാണ്ട് ഭരണത്തിലിരുന്നതുമായ ത്രിപുരയില്‍പ്പോലും ബി.ജെ.പി.യെ നേരിടാനാകാത്ത സ്ഥിതിയാണെങ്കില്‍ എങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ അതിനുകഴിയുമെന്ന് അണികളോട് വിശദീകരിക്കേണ്ട നിലയിലാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വം.
എന്നാല്‍, ത്രിപുരയിലെ തിരിച്ചടിയുടെ പേരില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തേണ്ട ആവശ്യമില്ലെന്ന ചിന്തയാണ് സി.പി.ഐ.എം. സംസ്ഥാനനേതൃത്വത്തിന്. തൃശ്ശൂരില്‍ കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാനസമ്മേളനത്തില്‍ കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിനെ വിലക്കുന്ന കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനുകൂല നിലപാടിന്റെ പേരില്‍ യെച്ചൂരിക്കെതിരേ കടുത്തവിമര്‍ശനമാണ് സമ്മേളനത്തിലുയര്‍ന്നത്. സി.പി.ഐ.എം. എന്നാല്‍, ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള’ അല്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ത്രിപുരയും നഷ്ടപ്പെടുമ്പോള്‍ യെച്ചൂരിയുടെ ഈ മുന്നറിയിപ്പാണ് യാഥാര്‍ഥ്യമാകുന്നത്. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രകാശ്കാരാട്ടും കേരളഘടകവും തങ്ങളുടെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.
പാര്‍ട്ടി വലിയ തിരിച്ചടിനേരിട്ട പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന പരസ്യനിലപാടിലാണ് ബംഗാള്‍ ഘടകം. മറ്റുപല സംസ്ഥാനഘടകങ്ങളും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരിക്കൊപ്പമായിരുന്നു. ത്രിപുരയിലെ തോല്‍വിയോടെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനഘടകങ്ങളും യെച്ചൂരിക്കൊപ്പം അണിനിരക്കാനാണ് സാധ്യത.