ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11-നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മേയ് 12ന് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് വരെയായിരിക്കും വോട്ടെടുപ്പ്. ത്രിപുര വെസ്റ്റ്, ത്രിപുര ഈസ്റ്റ് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വ്യാപകരീതിയില്‍ ബൂത്ത് പിടുത്തവും ക്രമക്കേടും നടന്നതായി കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. റീ പോളിംഗ് നടത്തിയില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.