പൂനെ: ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഇന്നു പുലര്‍ച്ചെയോടെ തൃപ്തിയെ കസ്റ്റഡിയിലെടുത്തിയത്. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ തൃപ്തി ദേശായി അവസരം ചോദിച്ചിരുന്നു.
കൂടിക്കാഴ്ചക്ക് അനുമതി നല്‍കാത്തപക്ഷം പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് പൊലീസ് തൃപ്തിയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് അഹമ്മദ് നഗര്‍ എസ്പിക്കാണ് തൃപ്തി കത്തു നല്‍കിയത്.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി രംഗത്തുവന്നിരുന്നു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദി സര്‍ക്കാര്‍, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തി ചോദിച്ചിരുന്നു.
അയ്യപ്പ ഭക്തരായ സ്ത്രീകളെ ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നതെന്ന് വ്യക്തമല്ലെന്നും ഇന്ന് മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്കു മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.