X

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടി എം.പി സൗമിത്ര ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി എം.പിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. സൗമിത്ര ഖാനെ കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചോളം എം.പിമാര്‍ കൂടി പാര്‍ട്ടി വിടുമെന്ന് ബി.ജെ.പി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുകുള്‍ റോയ് അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ബോല്‍പൂര്‍ എം.പി അനുപം ഹസ്‌റ കൂടി താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ പാര്‍ട്ടി വിടല്‍.

ഒരു കാലത്ത് പാര്‍ട്ടിയുടെ രണ്ടാമനും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായിരുന്ന മുകുള്‍ റോയിയുടെ നേതൃത്വത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ മുഴുവന്‍ ബി.ജെ.പിയിലെത്തിക്കുന്നത്. ബി.ജെ.പി വിരുദ്ധ ചേരിയുണ്ടാക്കാന്‍ ഈ മാസം 19ന് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനിരിക്കെയാണ് മറുതന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയത്. ആറോളം പേര്‍ ഇതിനോടകം തന്നെ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെല്ലാം ഉടനെ ബി.ജെ.പിയില്‍ ചേരുമെന്നുമാണ് മുകുള്‍ റോയി പറയുന്നത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. തൃണമൂല്‍ എംപിമാരായ അര്‍പിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

അതേസമയം, അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ നേതാക്കന്മാരാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

chandrika: