Categories: MoreViews

വെളിച്ചെണ്ണയുടെ മേന്മ കണ്ടെത്തിയ ഗവേഷണ പഠനം തൃക്കരിപ്പൂരിലെ വിദ്യാര്‍ഥിനികള്‍ ദേശീയ ബാല കൊണ്‍ഗ്രസിലേക്ക്

വെളിച്ചെണ്ണയുടെ മേന്മ കണ്ടെത്തിയ ഗവേഷണ പഠന പ്രൊജക്റ്റുമായി തൃക്കരിപ്പൂരിലെ വിദ്യാര്‍ഥിനികള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. തൃശൂരിലെ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പ്രൊജക്റ്റാണിത്.

തൃക്കരിപ്പൂര്‍ വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേല്‍ സ്മാരക ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസുകാരി ആയിഷത്ത് അഫ്‌സീദയും സംഘവുമാണ് പഠനം നടത്തിയത്. തീര്‍ഥ കണ്ണന്‍, പി.പി.ദേവിക, സി.സ്വാതി, ഇ.വി.തീര്‍ത്ഥ എന്നിവരാണ് ടീം. കാസര്‍കോട് റിട്ട ജിയോളജി മേധാവി പ്രഫ.വി.ഗോപിനാഥന്‍ പഠനത്തില്‍ സാങ്കേതിക പിന്തുണയേകി. അധ്യാപിക ഇ.കെ.ബൈജയായിരുന്നു ഗൈഡ്. ഡിസംബര്‍ 27ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എ ഗ്രേഡുമായാണ് കാസര്‍കോട് പുറപ്പെടുന്നത്.

മൂന്നുമാസം കൊണ്ടാണ് പഠന ഗവേഷണം പൂര്‍ത്തീകരിച്ചത്. പ്രദേശത്തെ പത്ത് കുടുംബങ്ങള്‍ പങ്കാളികളായി. ഇവരുടെ രക്തത്തില്‍ കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ലബോറട്ടറി പരിശോധനയിലൂടെ രേഖപ്പെടുത്തി. പിന്നീട് ജില്ലയിലെ രണ്ട് ഓയില്‍ മില്ലുകളില്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി നിര്‍മാണവുമായി ബന്ധപ്പെട്ട വിശദാംശം ശേഖരിച്ചു. എല്ലാമാസവും ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്ന വെളിച്ചെണ്ണക്ക് വിപണിയില്‍ വിലക്കൂടുതലാണ്.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആളുകള്‍ വിലകുറഞ്ഞ പനയെണ്ണ, സൂര്യകാന്തിയെണ്ണ എന്നിവ ഉപയോഗിക്കുന്നത്. ഇതിനുപുറമെ പാം കെര്‍ണല്‍ ഓയില്‍, പാരഫിന്‍ തുടങ്ങിയ മായം ചേര്‍ത്ത വെളിച്ചെണ്ണയും വിപണിയില്‍ സുലഭമാണെന്ന് കണ്ടെത്തി. പ്രൊജക്റ്റുമായി സഹകരിക്കുന്ന രക്ഷിതാക്കള്‍ക്ക് തേങ്ങാപ്പാലില്‍ നിന്ന് വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുവാന്‍ സഹകരണം തേടി. പിന്നീടുള്ള രണ്ടുമാസക്കാലം ഇത്തരത്തില്‍ തയാറാക്കിയ എണ്ണ മാത്രമാണ് ഇവര്‍ ഉപയോഗിച്ചത്.

പിന്നീട് രക്ത പരിശോധന നടത്തിയപ്പോള്‍ കൊളസ്ട്രോള്‍, ഷുഗര്‍ തുടങ്ങിയ ഘടകങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി വ്യക്തമായി. ശുദ്ധമായ വെളിച്ചെണ്ണ ഇതര ഭക്ഷ്യ എണ്ണകള്‍ ഉപയോഗിക്കുന്ന ഇരുപത് കുട്ടികളുടെ ശരീരഭാര സൂചിക നിശ്ചിത അളവില്‍ കൂടുതലാണെന്നു കണ്ടെത്തി. ഇതിനുപുറമെ 90 കുടുംബങ്ങളില്‍ സര്‍വേയും നടത്തി.

chandrika:
whatsapp
line