X
    Categories: keralaNews

തൃക്കാക്കര ഫലം നാളെ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 68.77 ശതമാനം പേര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട അന്തിമ കണക്കുകള്‍ പ്രകാരം ഇത് 68.75 ശതമാനമായിരുന്നു. നാളെയാണ് വോട്ടെണ്ണല്‍. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിയും കിഴിച്ചും വിജയ സാധ്യത എത്രമാത്രമുണ്ടെന്ന് കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു ഇന്നലെ മുന്നണികളും പ്രവര്‍ത്തകരും. പോളിങ് ശതമാനം കുറഞ്ഞത് ഗുണകരമാവുമെന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും.

നഗരമണ്ഡലമായ തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണയുണ്ടായത്. മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് 70 ശതമാനം കടന്നിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് പോളിങ് നടന്നത്. ഇത് ആരെ ബാധിക്കുമെന്ന് നാളെ അറിയാം. നിലവില്‍ എല്‍ഡിഎഫാണ് കോര്‍പറേഷന്‍ ഭരണത്തില്‍. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലെ മിക്ക ബൂത്തുകളിലും ഇത്തവണ മികച്ച പോളിങ് രേഖപ്പെടുത്തി.

2011ല്‍ രൂപീകൃതമായ ശേഷം ഇതുവരെയും തൃക്കാക്കരയുഡിഎഫിനൊപ്പമാണ് നിന്നത്. 2011ലെ 56 ശതമാനത്തോളം നേടിയ വോട്ടില്‍ നിന്ന് 2016ല്‍ 45 ശതമാനത്തിലേക്കും 2021ല്‍ 43 ശതമാനത്തിലേക്കും വോട്ട് വിഹിതം കുറഞ്ഞെങ്കിലും ഇത്തവണ വന്‍ തിരിച്ചുവരവുണ്ടാവുമെന്ന് യുഡിഎഫ് നേതാക്കള്‍ കണക്കുകള്‍ നിരത്തി പറയുന്നു. പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞെങ്കിലും ഇന്നലെയും സന്ദര്‍ശന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. പൊന്നുരുന്നി സി.കെ.സി സ്‌കൂളിലെത്തിയ ഉമ തോമസ് രാവിലെ പ്രവേശനോത്സവത്തില്‍ പങ്കാളിയായി.

Chandrika Web: