തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.ആടിനെ പട്ടിയാക്കുന്ന സി.പി.എം ലത്തീഫിനെ ലീഗാക്കുന്നതില്‍ കൗതുകമില്ല. എന്നാല്‍ ഈ ചീഞ്ഞ കളികൊണ്ടെന്നും തൃക്കാക്കര പാലം കടക്കില്ല സഖാക്കളേ…അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത് ലീഗ് അനുഭാവിയാണെന്ന പ്രചാരണം മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം നിഷേധിച്ചു. കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് കേസില്‍ കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പ്രതികരിച്ചു. അഞ്ച് മണി വരെ ആയുസ്സുള്ള പച്ചക്കള്ളം മാത്രമാണിത്. പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.- പി.എം.എ സലാം പറഞ്ഞു.
മലപ്പുറം കോട്ടക്കുന്നില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ലത്തീഫ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഇയാള്‍ക്ക് ബന്ധമില്ലെന്ന് പ്രാദേശിക മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് കള്ളക്കഥയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന മോഹത്തിലാണ് അവസാന നിമിഷം സി.പി.എം ശ്രമിച്ചത്. പരാജയഭീതിയാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും മരണക്കളിയാണ് സി.പി.എം കളിക്കുന്നതെന്നും പി.എം.എ സലാം വ്യക്തമാക്കി.