കെ എസ് മുസ്തഫ
കല്‍പ്പറ്റ
മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന വയനാട് മേപ്പാടിക്കടുത്ത പുത്തുമല, പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നത്. അന്ന് ലയങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയാത്തവര്‍ക്കായി എസ്‌റ്റേറ്റ് വക സ്‌റ്റോര്‍ തുറന്ന് കൊടുക്കാന്‍ പോയ ഭര്‍ത്താവിനെയും കാത്തിരിക്കുകയാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കര്‍ണാടക ചാമ്രപട്ടണം സ്വദേശിയായ യശോദ. പുത്തുമലക്ക് തൊട്ടടുത്ത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കശ്മീര്‍ കോളനിയിലെ ഒറ്റമുറിപ്പാടിയില്‍, ഉരുള്‍പൊട്ടലില്‍ കാണാതായ ഭര്‍ത്താവ് അണ്ണയ്യന്‍ എന്നെങ്കിലും ജീവനോടെ വരുമെന്ന പ്രതീക്ഷയിലാണിവരിപ്പോഴും.
2019 ഓഗസ്റ്റ് എട്ടിനാണ് അണ്ണയ്യന്‍ ഉള്‍പ്പെടെ 17 പേര്‍ അപകടത്തില്‍ പെട്ടത്. ദുരന്തം നടന്ന് പത്താംനാള്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. അത് എസ്‌റ്റേറ്റിലെ ജീവനക്കാരനായ അണ്ണയ്യന്റെ(54)താണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്രവക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരത്താണ് മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തിയത്. ചിതയില്‍ എണ്ണപടര്‍ന്ന ദേഹം അതോടെ താഴെയിറക്കി. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പരിശോധനയില്‍ മൃതദേഹം അണ്ണയ്യന്റേതല്ലെന്ന് വ്യക്തമായി. അത് വരെ പ്രാര്‍ത്ഥനകളോടെ കഴിഞ്ഞ യശോദ, കണ്ടെടുത്തത് തന്റെ ഭര്‍ത്താവിന്റെ മൃതദേഹമല്ലെന്ന് പൊലീസ് അറിയിച്ചിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടൊരിക്കലും പുത്തുമലയില്‍ നിന്ന് മറ്റൊരു മൃതദേഹം കണ്ടെടുക്കാനുമായില്ല.
തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ ഇപ്പോഴും കാത്തിരിക്കുകയാണ്. ഉടന്‍ വരാമെന്ന് പറഞ്ഞ് കുന്നിറങ്ങിപ്പോയ ഭര്‍ത്താവ് എന്നെങ്കിലുമൊരിക്കല്‍ വരുന്നതും കാത്ത്.