അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.