തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കോവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.വൈകിട്ട് അഞ്ചിനാണ് യോഗം.
കോവിഡ് വ്യാപനത്തില്‍ വലിയ ആശങ്കയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം രേഖപ്പെടുത്തിയത്. ആരോഗ്യമന്ത്രി കോവിഡ് വ്യാപനത്തിന്റെ തീവ്രത മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്തിപ്പോള്‍ ഡെല്‍റ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയില്‍ വ്യാപിക്കുന്നുണ്ടെന്നും ഒമിക്രോണ്‍ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും രോഗവ്യാപനത്തിന് കാരണമായെന്ന്് ആരോഗ്യമന്ത്രി പറഞ്ഞു.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും കാര്യങ്ങള്‍ വിശദീകരിച്ചു. കര്‍ശന ജാഗ്രതയില്ലാതെ ഇനി പറ്റില്ലെന്നാന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളാകുന്നത് വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. കര്‍ശനനിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വിലയിരുത്തലിലാണ് മന്ത്രിസഭാ യോഗം എത്തിയത്. കുട്ടികളുടേതടക്കം വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തിനു വിട്ടു. പൊതുസ്ഥലത്തെ കൂട്ടം ചേരലുകളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണം വരുമെന്നാണ് സൂചന. രാത്രി കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും ആലോചനയിലുണ്ട്. കോളജുകള്‍ അടച്ചിടുന്നതും സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
കോവിഡ് മൂന്നാംതരംഗം മൂന്നാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഉന്നതിയില്‍ എത്തുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 15നകം ഇത് പീക്കില്‍ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിര്‍ണായകമാണ്. പല ജില്ലകളില്‍ പല തോതില്‍ കേസുകള്‍ ഉയരും.
ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തീവ്രവ്യാപനം നടക്കുന്നു. ഈസാഹചര്യത്തില്‍ സമൂഹവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയില്‍ പ്രസക്തി ഇല്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. പക്ഷേ പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന തുടരും. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ ഐ.സി.യു കിടക്കകളുടെ കണക്കും വെന്റിലേറ്ററുകളുടെ കണക്കും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഒമിക്രോണിന്റ വ്യാപനഘട്ടത്തില്‍ മുന്നണിപ്പോരാളികള്‍ക്ക് കൂടുതല്‍ കോവിഡ് ബാധയുണ്ടാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ രോഗബാധയുണ്ടാകുന്നു. ജനുവരിയില്‍ ഇത് വരെ മാത്രം 1508 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ഒമിക്രോണ്‍ രോഗവ്യാപനത്തില്‍ ഡ്രോപ്‌ലെറ്റുകള്‍ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്‌ക് കൃത്യമായി ധരിക്കുന്നതും വാക്‌സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.