സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി മൂന്ന് തവണ അംഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ഹർജിക്കാർ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദഗതികളും ശരിവച്ചു.
സർക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു.
ഭരണസമിതി അംഗങ്ങൾക്കു കൂടുതൽ അനുഭവപരിചയമുണ്ടാകുന്നത് സഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീർഘകാലം ഭരണ സമിതിയിലിരുന്നാൽ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരിഗണിക്കേണ്ടത് ജനറൽ ബോഡി അംഗങ്ങളാണ്.
ജനറൽ ബോഡിക്കു ആവശ്യമെങ്കിൽ നിയമാവലിയിൽ വ്യവസ്ഥകൾ ചേർക്കാം. സർക്കാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയുടെ അവകാശത്തിൽ ഇടപെടുകയാണ്.
ക്രെഡിറ്റ് സൊസൈറ്റികൾക്കാണ് ഇത്തരത്തിൽ വിലക്ക് ബാധകമാക്കിയത്. എന്നാൽ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.