ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികം ആചരിക്കാനിരിക്കെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മൂന്ന് ഭീകരര്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആയുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലേക്ക് ഭീകരര്‍ കടന്നതായി പൊലീസ് നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി പൊലീസ് പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ഇവരാണോ ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍ എന്ന് വ്യക്തമല്ല.
2008 നവംബര്‍ 26ന് കടല്‍ കടന്നെത്തിയ 10 പാക് ഭീകരരാണ് മുംബൈയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയത്. ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റത് മുന്നൂറിലേറെ പേര്‍ക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ വളരെ ആസൂത്രിതമായ 10 ആക്രമണങ്ങളാണ് ഭീകരര്‍ നടത്തിയത്. ലിയൊപോള്‍ഡ് കഫെ, താജ്, ഒബ്‌റോയ് ഹോട്ടലുകള്‍, ജൂതകേന്ദ്രമായ നരിമാന്‍ ഹൗസ്, സി.എസ്.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. മഡ്ഗാവ്, വിലെപാര്‍ലെ എന്നിവിടങ്ങളിലെ ടാക്‌സികാറുകളിലും സ്‌ഫോടനം നടന്നു. അറുപതു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സേന ഭീകരരെ പൂര്‍ണമായി കീഴടക്കി. ആക്രമണകാരികളില്‍ പത്തില്‍ ഒമ്പത് പേരെയും സൈന്യം വെടിവെച്ചുകൊന്നു. ഏറ്റുമുട്ടലില്‍ എ.ടി.എസ് മേധാവി ഹേമന്ത് കര്‍കരെ, എ.സി.പി അശോക് കാംതെ, എന്‍.എസ്.ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരും കൊല്ലപ്പെട്ടു. പിടിയിലായ ഏക പ്രതി കസബിനെ വിചാരണക്ക് ശേഷം 2012ല്‍ തൂക്കിക്കൊല്ലുകയുമുണ്ടായി.