പി.എം.എ സമീര്‍
സ്വത്വരാഷ്ട്രീയത്തെ ആശയത്തിലും പ്രയോഗത്തിലും വിജയിപ്പിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ഏഴരപ്പതിറ്റാണ്ടിന്റെ തിളക്കമാര്‍ന്ന ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം സ്വത്വരാഷ്ട്രീയ സംഘാടനത്തിന്റെ വെല്ലുവിളി നിര്‍വഹിച്ച ഖാഇദേമില്ലത്തും സീതിസാഹിബും ഉള്‍പ്പെടെയുള്ള ധിഷണാശാലികള്‍ക്ക് തെറ്റിയില്ലെന്നും ആ രാഷ്ട്രീയപ്രയോഗത്തിന്റെ കരുത്ത് ചെറുതല്ലെന്നും നിസ്സംശയം ബോധ്യപ്പെടുന്നതാണ് ഈ മുന്നേറ്റം. ആശയതെളിമയും പ്രായോഗിക ചാതുരിയും മുക്കാല്‍ നൂറ്റാണ്ടിന്റെ അതിജീവനത്തിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ വിജയം കൈവരിച്ച മുസ്്‌ലിംലീഗിന്റെ മുന്നേറ്റത്തെ ചരിത്ര നിരപേക്ഷമായി വിലയിരുത്താനാവില്ല. കേരളീയ മുസ്്‌ലിം ജീവിതവും സാംസ്‌കാരിക പൈതൃകവും നല്‍കിയ ആശയ ബലം തന്നെയാണ് ആ രാഷ്ട്രീയത്തിന്റെ ഉള്‍കരുത്ത്. സാമൂതിരിയുടെ വിശ്വസ്തരായ പറങ്കികളെ തുരത്താന്‍ നാടിനുവേണ്ടി ജീവരക്തം ചിന്തിയ മുസ്്‌ലിംകള്‍, പിന്‍ഗാമികള്‍ക്ക് എക്കാലത്തേക്കുമുള്ള രാഷ്ട്രീയ പ്രതീകങ്ങളാണ്. ജനസംഖ്യയില്‍ പത്തു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴും സാമൂതിരിയുടെ സൈന്യത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. സ്വത്വം മുറുകെ പിടിക്കുമ്പോഴും തദടിസ്ഥാനത്തിലുള്ള സ്വരാഷ്ട്രസ്ഥാപനം അവരുടെ ലക്ഷ്യമായിരുന്നില്ല. ദേശത്തിനുവേണ്ടി ജീവഭയമില്ലാതെ പോരാടുന്ന വിശ്വസ്തരായിരുന്നു അവര്‍. മതജീവിതവും അടയാളങ്ങളും കൈവെടിയാതെതന്നെ ഇടകലര്‍ന്നും പങ്കുവെച്ചും ജീവിച്ച മുസ്‌ലിംകള്‍ക്ക് സാമൂതിരി പള്ളികളും മദ്രസകളും നിര്‍മിച്ചു നല്‍കി . ‘…മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ വലിയ ആദരവും മതിപ്പുമാണുള്ളത്. രാജ്യത്തിന്റെ നിര്‍മാണവും പുരോഗതിയും പ്രധാനമായും മുസ്‌ലിംകളിലൂടെയാണ് നടക്കുന്നതെന്നതാണ് ഇതിനൊരു പ്രധാനകാരണം. മുസ്‌ലിംകള്‍ക്ക് ജുമുഅയും പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളും നടത്താന്‍ ഹിന്ദുക്കള്‍ സൗകര്യം ചെയ്തു കൊടുക്കുന്നു. ഖാസിമാര്‍ക്കും ബാങ്കു വിളിക്കുന്നവര്‍ക്കും സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്.. (തുഹ്ഫത്തുല്‍ മുജാഹിദീന്‍ പേജ്: 70, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം)’.
മുന്നണി ബന്ധങ്ങളിലേക്ക് വികസിച്ച മുസ്‌ലിംലീഗിന്റ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഊര്‍ജസ്ഥാനമായി നില്‍ക്കുന്നത് ഈ ചരിത്ര പൈതൃകങ്ങളാണ്. കേരളത്തിനുപുറത്തെ മുസ്‌ലിം ജീവിതത്തിന് ഇല്ലാതെ പോയതും ഈ സാംസ്‌കാരിക മൂലധനമാണ്. 1921 ലെ മലബാര്‍സമരം മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകള്‍ക്ക് ഏല്‍പിച്ച ആഘാതം കനത്തതായിരുന്നു. ഉത്തരേന്ത്യയില്‍ വിഭജനവും മലബാറില്‍ മാപ്പിള സമരവും സൃഷ്ടിച്ച ശൂന്യഭാവി മുസ്‌ലിംകളെ നിരാശരാക്കിയ കാലത്താണ് പ്രതീക്ഷയുടെ ചക്രവാളത്തിലെ അമ്പിളിക്കീറായി മുസ്്‌ലിംലീഗ് ഉദിച്ചുപൊങ്ങുന്നത്. ജന്മസിദ്ധമായ മതം, ജാതി, വംശം തുടങ്ങിയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായോ ചൂഷണം ചെയ്യപ്പെട്ടോ അരികുവത്കരിക്കപ്പെട്ടോ പീഡിതരായി ജീവിക്കുന്നവര്‍ക്ക് ജനാധിപത്യത്തിലൂന്നിയ രാഷ്ട്രീയ സംഘാടനമാണ് പരിഹാരമെന്ന് മുസ്‌ലിം ലീഗ് വിശ്വസിച്ചു. സ്വത്വമണ്ഡലത്തിന് പുറത്തുനിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും ഈ ദുരവസ്ഥയെ പരിഹരിക്കാനോ പ്രതിനിധാനം ചെയ്യാനോ സാധിക്കില്ലെന്ന ചരിത്രാനുഭവത്തെ മുന്‍നിര്‍ത്തിയാണ് ഈ തിരിച്ചറിവില്‍ എത്തിച്ചേരുന്നത്. ന്യൂനപക്ഷമെന്ന നിലയില്‍ പുറത്തുനിന്നുള്ള രക്ഷാകര്‍തൃത്വ (മഴലിര്യ) സമീപനങ്ങളും സഹാനുഭൂതിയും ഏറ്റുവാങ്ങി ജീവിക്കേണ്ടിവരുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഇത് ശരിവെക്കുന്നു. കേരത്തിലെ മുസ്‌ലിംകളേക്കാള്‍ ഗണ്യമായ ആള്‍ബലമുള്ള യു.പിയിലെ മുസ്‌ലിംകള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായിമാറി അദൃശ്യവത്കരിക്കപ്പെട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ ഇത് മനസിലാവും. ജനാധിപത്യ സമൂഹങ്ങളിലെ വിവേചനങ്ങളില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നത്. അഥവാ ജനാധിപത്യത്തിന്റെ സ്വയം വിമര്‍ശനമാണ് സ്വത്വരാഷ്ട്രീയമുയര്‍ത്തിയത്. നാനാസ്വത്വങ്ങളുടെ സങ്കരസ്ഥാനമായ ഇന്ത്യയെ സംബന്ധിച്ച് ഈ രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുകയാണ് ചെയ്യുക.
ഭരണഘടനയുടെ 21-ാം അനുച്ഛേദം മുതല്‍ 30 വരെയുള്ള ഖണ്ഡങ്ങളില്‍ ഇതര സ്വത്വന്യൂനപക്ഷങ്ങളുടെ സാമുദായിക ഉന്നമനം ഭരണഘടനാപരമായ കര്‍ത്തവ്യമായി പ്രതിപാദിച്ചിരിക്കുന്നത് കാണാം. സാമുദായികതയും വര്‍ഗീയതയും രണ്ടായി മനസ്സിലാക്കാന്‍ ഈ ഭരണഘടനാതത്വങ്ങള്‍ ധാരാളമാണ്. ഭരണഘടന അനുവദിച്ചുനല്‍കുന്ന സാമുദായിക (രീാാൗിശമേൃശമി) രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് പ്രായോഗവത്കരിച്ചത്. മതനിരപേക്ഷതയും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉള്ളടക്കമായുള്ള സ്വത്വരാഷ്ട്രീയ രൂപമായ മുസ്്‌ലിംലീഗ്, ഒരു പൗരസഞ്ചയം എന്ന നിലക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് അവകാശത്തെ (ലഹലരീേൃമഹ ുീംലൃ) സാമുദായിക നന്മക്ക് ഉതകും വിധം രാഷ്ട്രീയ ഉപാധിയാക്കി പരിവര്‍ത്തിപ്പിച്ചു. അതേസമയം ഇതര സ്വത്വങ്ങളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സ്വത്വവാദ സമീപനങ്ങളെയും ആശയങ്ങളേയും ലീഗ് നിരാകരിച്ചു. ലീഗിന്റെ മുക്കാല്‍ നൂറ്റാണ്ടു നീണ്ടുനില്‍ക്കുന്ന ചരിത്രത്തില്‍ അത്തരം സന്ദര്‍ഭങ്ങളോടും ആശയങ്ങളോടും കടുത്ത എതിര്‍പ്പ് നിലനിര്‍ത്തിയാണ് സാമുദായിക രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയത്. സമുദായ മുന്നേറ്റമെന്ന അജണ്ടയോടൊപ്പം മനുഷ്യസമൂഹത്തിന്റെ പൊതുവായ ഐക്യവും മുന്നേറ്റവും പരമപ്രധാനമാണ്.
സാമുദായികരാഷ്ട്രീയം വര്‍ഗീയമാണെന്ന് ആരോപിക്കുന്ന ഇടതുപക്ഷം, ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ സമൂഹങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഉന്നമനത്തിന് വര്‍ഗരാഷ്ട്രീയമാണ് പരിഹാരമായി നിര്‍ദേശിക്കുന്നത്. ഈ വാദം സൈദ്ധാതികമായി തന്നെ തെറ്റാണെന്ന് കാണാനാവും. മൂലധനത്തെ കേന്ദ്രമാക്കിയുള്ള യാന്ത്രിക ദ്വന്ദ്വകല്‍പനയുടെ പരിസരത്തിലേക്ക് എല്ലാ ചൂഷണങ്ങളെയും അസമത്വങ്ങളെയും അനീതികളെയും ചുരുക്കുവാന്‍ ശ്രമിക്കുന്നത് പൊള്ളയാണെന്നതിന് ചരിത്രം സാക്ഷിനില്‍ക്കുന്നു. അംബേദ്കറെ പോലുള്ള ധിഷണാശാലികള്‍ ഇത് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. മുസ്്‌ലിം എന്ന പേരില്‍ സംഘടിക്കുന്നതില്‍ വര്‍ഗീയത ആരോപിക്കുന്നവരുടെ രാഷ്ട്രീയ ബോധം പരിതാപകരമാണ്. പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെയോ സ്വത്വത്തിന്റേയോ പേരില്‍ സംഘാടനം നടത്തുന്നവരൊക്കെയും വര്‍ഗീയവാദികളും വിഘടനവാദികളുമാണെങ്കില്‍ ദ്രാവിഡ മുന്നേറ്റങ്ങളും ദലിത് മൂവ്‌മെന്റുകളും അങ്ങിനെയൊരു വിശേഷണത്തില്‍ ഉള്‍പ്പെടണമല്ലോ. പേരിലാണ് വര്‍ഗീയതയെങ്കില്‍ ആര്‍.എസ്.എസെന്ന പേര് വര്‍ഗീയതയെ ദ്യോതിപ്പിക്കുന്നുണ്ടോ? വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും നിര്‍ഗുണമായ പേര് സ്വീകരിക്കുകയും ചെയ്യുന്നതിലാണോ കാര്യം. ഒരു സംഘത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കമാണ് പ്രധാനം. 75 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായി നിലനില്‍ക്കുന്ന മുസ്്‌ലിംലീഗിന്റെ പ്രത്യയശാസ്ത്ര പ്രയോഗങ്ങളില്‍ എവിടെയും വെറുപ്പിന്റെയോ കൊലവിളിയുടെയോ ഇതര സമുദായവിദ്വേഷത്തിന്റേയോ ഒരേടുമില്ല. അങ്ങനെയൊന്ന് ആരോപിക്കാനുമാവില്ല. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂട ചെയ്തികളോടുള്ള പ്രതികരണമെന്ന നിലയില്‍ രൂപപ്പെട്ട സ്വത്വപ്രസ്ഥാനമാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. മുസോളിനിക്ക് ശേഷം ഇറ്റലിയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഖ്യകക്ഷികളായി ഉണ്ടായിരുന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടികളുമാണ്. യൂറോപ്പില്‍ സൈദ്ധാന്തികമായി ശരിയാവുന്ന ഒരു കാര്യം ഇന്ത്യയില്‍ സൈദ്ധാന്തികമായി തെറ്റെന്ന് സമര്‍ത്ഥിക്കുന്നതിലെ പരിഹാസ്യത സൂചിപ്പിക്കാന്‍ പറഞ്ഞെന്നു മാത്രം.
ഭൂരിപക്ഷ വര്‍ഗീയതക്ക് കാരണം ന്യൂനപക്ഷ രാഷ്ട്രീയ ഉദയമാണെന്ന വാദവും ചരിത്രപരമായി നിലനില്‍ക്കില്ല. ഹിന്ദുത്വ വര്‍ഗീയ സംഘാടനം ലീഗ് രൂപീകരണത്തിന് മുമ്പുതന്നെ ഇന്ത്യയില്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ലോകത്ത് ഫാസിസം വളര്‍ന്നത് അവിടങ്ങളിലെ ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകളുടെ ബദലായല്ലല്ലോ. മുസ്്‌ലിംലീഗിന് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ ഫാസിസ്റ്റുകള്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന രാഷ്ട്രീയയാഥാര്‍ഥ്യം കാണാതെ പോകരുത്. കേരളത്തില്‍ മുന്നണി ബന്ധങ്ങളിലൂടെ സ്ഥാപിച്ചെടുത്ത മതാതീതമായ ഒരു പൊതുമണ്ഡലം മുസ്്‌ലിംലീഗിന്റെ കൂടി സംഭാവനയാണ്. എന്തൊക്കെ പഴി പറഞ്ഞാലും നാളിതുവരെ നാടിന്റെ മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും കാവല്‍നില്‍ക്കുന്ന പണ്ഡിതന്മാരും നേതാക്കളും അനുയായികളും വര്‍ഗീയവാദികളെന്ന വിളിപ്പേരിന് അര്‍ഹരല്ലെന്ന് വിമര്‍ശകര്‍ പോലും പറയും. സാമൂഹിക സൗഹാര്‍ദ്ദമാണ് സമുദായത്തിന്റെ ക്രിയാത്മക വളര്‍ച്ചക്ക് അനിവാര്യമെന്ന തിരിച്ചറിവിന്റെ പേരുകൂടിയാണ് മുസ്‌ലിംലീഗ്. 1947 ഡിസംബര്‍ 25ന് പാകിസ്താനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രാധാനമന്ത്രി ലിയാഖത്തലിഖാനോട് ഖാഇദേമില്ലത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘..ഇവിടുത്തെ ഹിന്ദുന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും അവരോട് ഏറ്റവും നല്ലനിലയില്‍ പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് അടിവരയിടുന്നു’. ഈ വാക്കുകള്‍ക്ക് ആധാരമാവുന്നത് മുസ്്‌ലിം മതജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും മൗലികതയായ ആദമിന്റെ മക്കള്‍ അന്യരല്ലെന്ന ബോധമാണ്. ഇതുതന്നെയാണ് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെയും അടിയാധാരം.