പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സ്വന്തം ഭാവി കാത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരുവിലെ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫിലെ ഗോള്‍ വിവാദത്തില്‍ മൈതാനം വിട്ട ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി ഉറപ്പാണ്. അത് ഏത് തരത്തിലായിരിക്കുമെന്നതാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ആവേശകരമായ മല്‍സരം നിശ്ചിത സമയവും പിന്നിട്ട് അധികസമയത്തേക്ക് പ്രവേശിച്ചപ്പോഴായിരുന്നു ബെംഗളൂരു നായകനായ ഛേത്രി വിവാദമായ ഫ്രീകിക്ക് പായിച്ചതും റഫറി കൃസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചതും തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധ സൂചകമായി മൈതാനം വിട്ടതും.
നിയമ പ്രകാരം മൂന്ന് ശിക്ഷകളാണ് വരാനിരിക്കുന്നത്. ഒന്ന് പിഴയായിരിക്കും, മറ്റൊന്ന് പോയിന്റുകള്‍ വെട്ടിക്കുറക്കലായിരിക്കും, അതുമല്ലെങ്കില്‍ വിലക്കായിരിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടേതാണ്. ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയാല്‍ അത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കാര്യമായി ബാധിക്കും. ലീഗില്‍ കളിക്കുന്ന ഏറ്റവും പോപ്പുലര്‍ സംഘമാണ് ബ്ലാസ്റ്റേഴ്‌സ്. പിഴ ചുമത്താനാണ് സാധ്യതകള്‍. ബ്ലാസ്റ്റേഴ്‌സ് ഇല്ലാത്ത ഒരു ഐ.എസ്.എല്‍ സംഘാടകര്‍ക്ക് വലിയ ആഘാതമാവും. അതേ സമയം വിവാദ ഗോള്‍ പായിച്ച ഛേത്രിയുടെ കോലം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് കത്തിച്ചത് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. അതേ സമയം ഐ.എസ്.എല്‍ ആദ്യ സെമി ആദ്യ ലെഗ് നാളെ ബെംഗളൂരുവും മുംബൈയും തമ്മില്‍ നടക്കും.