X

ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ മൂന്നു മുസ്‌ലിം യുവാക്കളുടെ വീടുകള്‍ ഇടിച്ചുനിരത്തി

ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്നാരോപിച്ച് 3 പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സംഭവം.

ഡിസംബര്‍ അഞ്ചിനാണ് ബി.ജെ.പിയുടെ ജുഗ്ഗി ജോപ്രി സെല്ലിന്റെ ജനറല്‍ സെക്രട്ടറി ദേവേന്ദ്ര സിങ് താക്കൂര്‍ താന്‍ ആക്രമിക്കപ്പെട്ടതായി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഫാറൂഖ് എന്നയാള്‍ തന്നെ വാള്‍ കൊണ്ട് ആക്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.

കേസില്‍ ഫാറൂഖ് എന്നയാളെ കൂടാതെ അസ്ലം, ഷാരൂഖ്, ബിലാല്‍, സമീര്‍ എന്നിവരെ കൂടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 3 പേരുടെ വീടുകള്‍ ബില്‍ഡിങ് പെര്‍മിറ്റ് ഇല്ലെന്ന് ആരോപിച്ച് ഇടിച്ച് നിരത്തിയത്.

മതപരമായ സമ്മേളനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ ബുള്‍ഡോസര്‍ നടപടി.

മാത്രമല്ല, ഇറച്ചി വില്‍പ്പന നിയന്ത്രണവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ മാംസവും മത്സ്യവും വില്‍പന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം പത്തോളം കടകള്‍ തകര്‍ത്തിരുന്നു.

 

webdesk13: