X

ഗോരഖ്പൂരില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു; യോഗി സര്‍ക്കാറിനെതിരെ ആസ്പത്രി മേധാവി

ലക്‌നോ: ഗോരഖ്പൂരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായാണ് മൂന്നു കുട്ടികള്‍ മരിച്ചത്.
ഓക്‌സിജന്‍ ലഭിക്കാതെ നവജാത ശിശുക്കള്‍ മരിച്ച ആസ്പത്രിയില്‍ തന്നെ വീണ്ടും ശിശുമരണം ആവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണത്തിലെ തകരാറിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ മരണസംഖ്യയേക്കാള്‍ കുറവാണ് ഈ വര്‍ഷമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
അതേസമയം, നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സസ്‌പെന്റു ചെയ്യപ്പെട്ട ആസ്പത്രി മേധാവി ഡോ.രാജീവ് മിശ്ര പറഞ്ഞു. എന്നാല്‍ ആസ്പത്രിക്കു വേണ്ടി പലതവണ ധനസഹായം ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ വിസമ്മതിച്ച ആദിത്യനാഥ് സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിച്ചു. സമയത്ത് ഫണ്ട് ലഭിച്ചിരുന്നെങ്കില്‍ കുടിശ്ശിക ഉണ്ടായിരുന്ന പണം ഓക്‌സിജന്‍ കമ്പനിക്ക് നല്‍കാനാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

chandrika: