X

ബ്രക്‌സിറ്റില്‍ ഇടഞ്ഞ് തെരേസ മെയ് മന്ത്രിസഭ; 24 മണിക്കൂറില്‍ രാജിവെച്ചത് മൂന്നു മന്ത്രിമാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ക്കിടയില്‍ ഇടച്ചില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മന്ത്രിമാര്‍ രാജിവെച്ചതായാണ് വിവരം. ബ്രക്‌സിറ്റ് വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമായത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, വ്യവസായ സെക്രട്ടറി ഹാന്‍ഡ്‌സ് എന്നിവരാണ് മെയ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്.

ബോറിസ് ജോണ്‍സണ്‍

2016ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് ബ്രക്‌സിറ്റ്. എന്നാല്‍ പ്രധാനമന്ത്രി മേയുടെ പുതിയ സമീപനങ്ങള്‍ ബ്രിട്ടനെ യൂറോ്യന്‍ യൂണിയനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ്. ബ്രക്‌സിറ്റിനു വേണ്ടി ജനങ്ങള്‍ തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ ആ സ്വപ്‌നം അസ്തമിച്ചിരിക്കുകയാമെന്നും രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ വിദേശകാര്യ സെക്രട്ടറി.

മേയുടെ നയങ്ങള്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ യൂറോപ്യന് യൂണിയന് നിയന്ത്രണം നല്‍കുമെന്നാണ് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനുമായി ഒരു സ്വതന്ത്ര വിപണന മേഖല പങ്കിടണം എന്ന മേയുടെ നയമാണ് ഇവര്‍ പ്രധാനമായും എതിര്‍ക്കുന്നത്. സമയ ബന്ധിതമായി ബ്രക്‌സിറ്റ് നടപ്പാക്കുന്നതില്‍ തെരേസാ മേയ് സര്‍ക്കാറിന് വീഴ്ച വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ അസംതൃപ്തരാണ്. ഇതിനു പുറമെയാണ് ഇനയും അവര്‍ക്കുമേല്‍ വ്യാപാര വാണിജ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് മേയ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മൂവരും രാജി പ്രഖ്യാപിച്ചത്. നേരത്തെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും മേയ് സര്‍ക്കാറില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ കൂട്ടരാജി മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.

chandrika: