പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺകുട്ടിയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ. പെൺകുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെൺകുട്ടി ഈ ബന്ധം തുടർന്നതാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്നങ്ങൾക്ക് കാരണമായതായും രാഹുലിന്റെ അമ്മ പറഞ്ഞു.
മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരിൽ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടിയെ മകൻ മർദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്നങ്ങളെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.
അതേസമയം, വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റത്തിനൊപ്പം വധശ്രമവും രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.