പട്‌ന: നിര്‍മാണം നടക്കുന്ന മൂന്ന് കിലോമീറ്റര്‍ റോഡിലെ കോണ്‍ക്രീറ്റ് കോരിയെടുത്ത് നാട്ടുകാര്‍. ബിഹാറിലാണ് സംഭവം. ജെഹനാബാദ് ജില്ലയിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലുള്ളവരാണ് റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് കോരിയെടുത്ത് ഒഴിവാക്കിയത്. റോഡിലിട്ട കോണ്‍ക്രീറ്റടക്കം നാട്ടുകാര്‍ വാരിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി.
രണ്ട് മാസം മുമ്പ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പ് തന്നെ റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ ഗ്രാമവാസികള്‍ കോരിയെടുത്ത് വലിയ കുട്ടയിലാക്കുന്നതാണ് വീഡിയോയിലുള്ളത്.
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇത്തരം ആളുകള്‍ താമസിക്കുന്നിടത്ത് എങ്ങനെയാണ് വികസനമുണ്ടാകുകയെന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.