X

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന വാട്ടര്‍ടാങ്ക് തകര്‍ന്ന് മൂന്നു മരണം; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരു വാട്ടര്‍ സപ്ലെ സ്വീവറേജ് ബോര്‍ഡിന്റെ കീഴില്‍ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നാല്‍പത് അടിയിലേറെ ഉയരത്തില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി സ്ഥാപിച്ച ഇരുമ്പ് ഗര്‍ഡറുകളും ഷീറ്റുകളും കോണ്‍ക്രീറ്റ് മെറ്റീരിയലുകളുമാണ് തകര്‍ന്നുവീണത്. അമൃതള്ളിക്കു സമീപം ജൊഗ്ഗപ്പയിലാണ് വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്.
10 തൊഴിലാളികള്‍കൂടി അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്കു വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു ക്യാമ്പു ചെയ്യുന്നുമുണ്ട്.
അതേസമയം രാജ്യത്തൊട്ടാകെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തുടരുന്ന സമരം പരിക്കേറ്റവരുടെ ചികിത്സയെ ഉള്‍പ്പെടെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ മുഴുവന്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഡോക്ടര്‍മാരുമായി സംസാരിച്ച് പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഗ്രാമ വികസന വകുപ്പ് മന്ത്രി കൃഷ്ണ ഭൈരേ ഗൗഡ, ഹെബ്ബാല്‍ എം.എല്‍.എ ഭൈരതി സുരേഷ്, ഈസ്റ്റ് സോണ്‍ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് തുടങ്ങിയവരും ബംഗളൂരു വാട്ടര്‍ സപ്ലൈ ബോര്‍ഡ് അധികൃതരും സംഭവ സ്ഥലത്ത് തുടരുന്നുണ്ട്.

chandrika: