ദിവസവും മൂന്ന് മണിക്കൂര്‍ തൊഴിലാളികൾക്ക് വിശ്രമം; ഉത്തരവ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടി

കൊച്ചി : വേനല്‍ കടുത്തതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ്. കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പ് തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ചത്.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമമായിരിക്കും. മേല്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ പി ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. പ്രസ്തുത നിര്‍ദേശം പാലിക്കാത്ത തൊഴിലുടമകളോടും കരാറുകാരോടും ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയില്‍ കര്‍ശന നിര്‍ദേശം നല്‍കി.

തുടര്‍ന്നും നിയമ ലംഘനം കണ്ടെത്തിയാല്‍ 1958ലെ മിനിമം വേജസ് ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. നിയമലംഘനം കാണുന്ന പക്ഷം ജില്ലാ ലേബര്‍ ഓഫിസ് എറണാകുളം ഫോണ്‍ നമ്പറില്‍ പരാതി വിളിച്ച് അറിയിക്കാം. അതേസമയം, സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുകയാണ്.

ഇന്നു സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നു (2024 ഫെബ്രുവരി 20 ) എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webdesk14:
whatsapp
line