X
    Categories: News

മൂന്നു പതിറ്റാണ്ടിന്റെ കൂട്ടുകെട്ട്- കെ.പി.എ മജീദ്‌

കെ.പി.എ മജീദ്‌

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി മുസ്്‌ലിംലീഗ് സംഘടനാ നേതൃ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ കൂട്ടുകെട്ടിന്റെ ഓര്‍മ്മകളാണെനിക്ക് ബാക്കി. അദ്ദേഹം മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നപ്പോള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മുപ്പതിലേറെ വര്‍ഷം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി. ഇതിനിടെ ഒരിക്കല്‍ പോലും കറുത്തൊരു വാക്കോ ശബ്ദം ഉയര്‍ത്തി കയര്‍ത്തൊരു സംസാരമോ ഉണ്ടായിട്ടില്ല. അകവും പുറവും ഒരുപോലെ വിശുദ്ധി കാത്തു സൂക്ഷിച്ച അദ്ദേഹവുമായൊന്നിച്ചുള്ള എത്രയെത്ര മുഹൂര്‍ത്തങ്ങള്‍.

നിലപാടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നണി മാറ്റത്തെ കുറിച്ചൊരു ചര്‍ച്ച ഉയര്‍ന്നു വന്നൊരു ഘട്ടത്തില്‍ അക്കാര്യത്തില്‍ നിര്‍ണായക അഭിപ്രായം അദ്ദേഹത്തിന്റേതായിരുന്നു. കേരളത്തിലാണ് മുസ്്‌ലിംലീഗ് ശക്തമെങ്കിലും രാജ്യത്തെ പൊതുവായ മുസ്്‌ലിം പിന്നോക്ക പ്രശ്‌നമുണ്ടാവുമ്പോള്‍ കോണ്‍ഗ്രസ് മുന്നണിയാണ് കൂടുതല്‍ ഗുണപ്രദമെന്ന് വലിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും അഭിപ്രായ സമന്വയങ്ങള്‍ക്കും ശേഷം ഹൈദരലി തങ്ങള്‍ വ്യക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ആ ഉദ്യമം ഒഴിവാക്കിയത്.

ഇടക്കാലത്ത് മുസ്്‌ലിംലീഗിന് തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ വന്നപ്പോള്‍ അതിനെ മറികടക്കാന്‍ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. സി.പി.എം മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടത്തി വാരിയന്‍ കുന്നന്റെയും മുസ്്‌ലിം ഉമ്മമാരുടെയും ഫോട്ടോയുളള ഫഌക്‌സ് വെച്ചു മുസ്്‌ലിംലീഗിനെ ദുര്‍ബലപ്പെടുത്താന്‍ നടത്തിയ ശ്രമം ചെറുത്തു തോല്‍പ്പിച്ചത്തില്‍ ജില്ലാ പ്രസിഡന്റായിരുന്നു ആറ്റപ്പൂവിന്റെ നേതൃപാടവം വലുതായിരുന്നു. മലപ്പുറം കോട്ടക്കുന്നില്‍ ഗ്രീന്‍ ഗാര്‍ഡ് റാലി ഉള്‍പ്പെടെയുള്ള മഹാ സമ്മേളനം നടത്തിയാണ് അന്നു തിരിച്ചടിച്ചത്. സി.പി.എമ്മിന്റെ മലപ്പുറം ചുവപ്പിക്കല്‍ യജ്ഞം ഇതിലൂടെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന നേതാവാണ് അദ്ദേഹം.

എന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സ്‌നേഹ വാത്സല്യങ്ങളോടെ കൂടെനിന്ന തണലായിരുന്നു. തങ്ങളുടെ ഉപദേശ നിര്‍ദേശങ്ങളും കരുത്തുറ്റ നേതൃത്വവും മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജമായിരുന്നു. സംഘടനാ തീരുമാനങ്ങള്‍ കണിശമായി നടപ്പാക്കുന്നതില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇത്തവണ നിയമസഭയിലേക്ക് എന്നെ മത്സരിപ്പിച്ചതും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. പാര്‍ലമെന്റി ബോര്‍ഡ് യോഗം കഴിഞ്ഞ ശേഷം രാത്രി അദ്ദേഹം കൈകൊണ്ട തീരുമാനമായിരുന്നു എന്റെ ഇത്തവണ അസംബ്ലിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം.

മലപ്പുറത്ത് ജില്ലാ ലീഗ് ഓഫീസിന് പുതിയ സ്ഥലമെടുക്കുന്നതും ഓഫീസ് പണി തുടങ്ങുന്നതും അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ്. മലപ്പുറത്ത് ചന്ദ്രിക സ്ഥലം എടുന്നു. വേഗത്തില്‍ അതു പൂര്‍ത്തിയാക്കാന്‍ നിരന്തരമുള്ള അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിനും പങ്കുണ്ട്.

Test User: