ഷാര്‍ജ: പ്രതിവാര അവധി മൂന്നുദിവസമാക്കി മാറ്റിയത് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഗുണകരമായി മാറിയെന്ന് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി. മുപ്പതിനായിരത്തിലധികം കുടുംബങ്ങളും ഏഴായിരത്തോളം വിദ്യാഭ്യാസ-അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും പഠനത്തില്‍ പങ്കെടുത്തു.90 ശതമാനവും തൊഴില്‍-ജീവിത മേഖലകളില്‍ മൂന്നുദിവസത്തെ അവധി കൂടുതല്‍ ഗുണം ചെയ്തുവെന്നാണ് അഭിപ്രായപ്പെട്ടത്.
ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ചു വിശദമായ പഠനം നടത്തിയത്. പ്രവര്‍ത്തിദിനം നാലാക്കി ചുരുക്കിയും അവധി മൂന്നാക്കി ഉയര്‍ത്തിയും മാറ്റം വരുത്താനുള്ള മുന്നോടിയായാണ് സര്‍വ്വെ നടത്തിയത്. 1.84 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുള്ള ഷാര്‍ജയിലെ 127 സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 31,198 കുടുംബങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം ഏഴായിരം പേരിലും സര്‍വ്വെ നടത്തുകയുണ്ടായി.
ഇതിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ. മുഹദ്ദിത്ത അല്‍ ഹാഷിമി വ്യക്തമാക്കി. ജീവിത രീതി, പഠന ശേഷി, കുടുംബ സന്തുഷ്ടി തുടങ്ങി സര്‍വ്വരംഗത്തും ഇതുവഴി കൂടുതല്‍ വിജയം നേടാന്‍ സാധിച്ചതായി ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ അലി അല്‍ഹൊസനി വിശദീകരിച്ചു,