X
    Categories: Culture

അലബാമയില്‍ നാശം വിതച്ച് വന്‍ ചുഴലിക്കാറ്റ്: 23 മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയിലുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 23 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലബാമയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ലീ കൗണ്ടിയിലാണ് ഏറെ നാശം വിതച്ചത്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിരവധി വീടുകള്‍ക്കും കെട്ടിടങ്ങല്‍ക്കും നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ കുട്ടികളും പെടും. പല വീടുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്ന് ലീ കൗണ്ടി പൊലീസ് മേധാവി ജെ ജോണ്‍സ് അറിയിച്ചു. ചില വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. ലീ കൗണ്ടിക്ക് പുറത്തുനിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. അലബാമ, ജോര്‍ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ ശക്തിയേറിയ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018ലെ ചുഴലിക്കാറ്റിലും ഏറെ നാശം വിതച്ചത് ലീ കൗണ്ടിയിലായിരുന്നു.

chandrika: