സംഭല്‍ ജമാ മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ പൂജ ഉള്‍പ്പെടെ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. ഇന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് അറിയിക്കുകയായിരുന്നു.

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് പള്ളിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താന്‍ ശ്രമിച്ചത്.

വിഷ്ണു ഹരിഹര്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്‌കാരം നിര്‍വഹിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതന്‍ സിങ് എന്നയാള്‍ ചോദിച്ചു. വീര്‍ സിങ്, അനില്‍ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 24ന് മസ്ജിദ് സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

webdesk13:
whatsapp
line