X
    Categories: indiaNews

വിമാനങ്ങള്‍ക്ക് നേരെ ഭീഷണി; നാഗ്പൂരില്‍ ഒരാള്‍ പിടിയില്‍

വിമാനങ്ങള്‍ക്ക് നേരെ ഭീഷണി സന്ദേശം അയച്ച് യുവാവ് നാഗ്പൂരില്‍ പിടിയിലായി. 100ഓളം വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം മുഴക്കിയത്. 35കാരനായ ജഗ്ദീഷാണ് ഉക്കെയാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും നാഗ്പൂരിലെത്തിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.

2021ലും സമാനമായ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദത്തെ സംബന്ധിച്ച് ഇയാള്‍ പുസ്തകമെഴുതിയിട്ടുണ്ടെന്നും നാഗ്പൂര്‍ ഡി.സി.പി ലോഹിത് മതാനി പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.

ജനുവരി മുതല്‍ ഇയാള്‍ ഇമെയിലുകളിലൂടെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ 25 മുതല്‍ 30 വരെ 30ഓളം സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇയാള്‍ ഉയര്‍ത്തിയത്.

ഐ.പി അഡ്രസ് വഴിയാണ് ഇയാളെ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയത്. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് എതിരെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ആറ് എയര്‍പോര്‍ട്ടുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

നിലവില്‍ നാഗ്പൂര്‍ സൈബര്‍ സെല്ലിന്റെ കസ്റ്റഡിയിലാണ് പ്രതി. ഇയാള്‍ തുടര്‍ച്ചയായി മൊഴി മാറ്റുകയാണെന്നും പൊലീസ് പറഞ്ഞു.

webdesk17: