X

പത്ര സ്വാതന്ത്ര്യം; ഇന്ത്യയുടെ സ്ഥിതി ഗുരുതരമെന്ന് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ക്‌സ്

അലി ഹൈദര്‍

നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ രാജ്യം വന്‍ അപകടത്തിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി അന്താരാഷ്ട്ര മാധ്യമ നിരീക്ഷകരായ ‘അതിര്‍ത്തികളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍’ (Reporters Beyond Borders). നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി ആര്‍.ബി.എഫ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ‘വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സി’ന്റെ 2017 എഡിഷനില്‍ ഇന്ത്യയുടെ റാങ്ക് 136 ആണ്. മുന്‍ വര്‍ഷത്തില്‍ നിന്ന് മൂന്ന് റാങ്ക് നഷ്ടപ്പെടുത്തിയ ഇന്ത്യ, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ദുഷ്‌കരമായ രാജ്യങ്ങളിലൊന്നായാണ് ‘കുപ്രസിദ്ധി’ നേടുന്നത്.

രാഷ്ട്രീയ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും ഇടമായ പാകിസ്താന്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലേക്ക് പോയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അരക്ഷിതാവസ്ഥക്ക് പേരു കേട്ട ഇസ്രാഈല്‍, മ്യാന്‍മര്‍, അഫ്ഗാനിസ്താന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ഇന്ത്യയേക്കാള്‍ ഭേദമാണെന്നാണ് ഇന്‍ഡക്‌സ് പറയുന്നത്.

ബംഗളൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും തൃപുരയിലെ ചാനല്‍ റിപോര്‍ട്ടറുടെ കൊലപാതകവുമടക്കമുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ദുസ്സഹമായെന്ന് ആര്‍.ബി.എഫ് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ വെറുപ്പ് പ്രചരണത്തിന് ഇരയാകുന്നു, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ പ്രയോഗിക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ ജീവപര്യന്തം തടവു വരെ ലഭിക്കുന്ന 124 എ വകുപ്പു വരെ ചുമത്തി നിശ്ശബ്ദരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, കശ്മീര്‍ പോലുള്ള നിര്‍ണായക വിഷയങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അവകാശം നിഷേധിക്കപ്പെടുന്നു തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഭീഷണികള്‍ കാരണം മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ‘സ്വയം സെന്‍സര്‍ഷിപ്പി’ന് നിര്‍ബന്ധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

യൂറോപ്യന്‍ രാജ്യമായ നോര്‍വേ ആണ് 7.60 സ്‌കോറോടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. സ്വീഡന്‍, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, കോസ്റ്ററിക്ക തുങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. യു.എസ് 43-ഉം ബ്രിട്ടന്‍ 40-ഉം സ്ഥാനങ്ങളിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ സ്ഥാനം മെച്ചമാണെങ്കിലും പാകിസ്താന്‍ ഇന്ത്യക്കു പിന്നില്‍ 139-ാം സ്ഥാനത്താണ്. ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്റ്, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയവയും ഇന്ത്യക്കു പിന്നില്‍ തന്നെ. ഉത്തര കൊറിയ ആണ് അവസാന സ്ഥാനമായ 180-ല്‍.

chandrika: