വുഹാന്: കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ വൈറസ് വ്യാപനത്തില്‍ നിന്നും ആശങ്കകളില്‍ നിന്നും പതുക്കെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമായ വുഹാന്‍ 2020 തുടക്കത്തില്‍ കൊറോണ വൈറസിലൂടെയാണ് ലോകശ്രദ്ധയിലെത്തിയത്. ചൈനയിലെ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാനെ അടക്കിഭരിച്ച പുതിയ വൈറസ് പിന്നീട് ചൈന വിട്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച കാഴ്ചയാണ് ലോകം കണ്ടത്.
എന്നാല്‍ കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാര്‍ക്കറ്റുകളെല്ലാം പഴയതിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. റോക്ക് സംഗീതോത്സവം തുടങ്ങി വിവിധ ആഘോഷപരിപാടികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജനുവരി മുതല്‍ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു വുഹാനില്‍ ഏപ്രില്‍ മാസത്തോടെയാണ് അഴവ് വന്നത്. 76 ദിവസത്തെ ലോക്ക്ഡൗണിനുശേഷം നഗരത്തെ ചൈന വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കിയതാണ്. ചൈനയിലെ ആഭ്യന്തര പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ രണ്ടാം ഘട്ടവും മൂന്നാഘട്ടവുമായി ഇടയ്ക്കിടെ രോഗം വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ വുഹാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആളുകളുടെ തിരിച്ചുവരുവിനെ തുടര്‍ന്ന് ഇടയ്ക്ക് രോഗം വീണ്ടും പടര്‍ന്നെങ്കിലും അത് വലിയ തോതില്‍ വ്യാപിക്കാതെ നോക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.
നഗരത്തിലെ മിക്ക കടകള്‍ക്കും മുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. വിവാദമായ വന്യമൃഗങ്ങളുടെ ഇറച്ചിയും മറ്റും വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ ഇത്തരം ഇറച്ചികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമെ വുഹാനിലേക്ക് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെ നിരീക്ഷിക്കുന്നതില്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലുമാണ്.
മഹാമാരിയില്‍ വിറച്ച വുഹാന്‍ നഗരത്തില്‍ പ്രളയ ഭീഷണിയും ഉയര്‍ന്നിരുന്നു. വുഹാന്‍ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. വെള്ളപ്പൊക്കത്തിന് കൂടി വുഹാന്‍ പ്രവിശ്യ സാക്ഷിയായതോടെ കടുത്ത സാമ്പത്തിക തകര്‍ച്ചയും നഗരം നേരിട്ടു. അതിനെയും അതിജീവിക്കാന്‍ വുഹാന്‍ അധികൃതര്‍ക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്.
പുനരുജ്ജീവനം സാധ്യമാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നിട്ടും, നഗരത്തിന്റെ വീണ്ടെടുക്കല്‍ തങ്ങള്‍ ആസ്വദിക്കുന്നതായി വുഹാന്‍ നിവാസികള്‍ പറയുന്നു.
തനതായ ഹസ്മത്ത് സ്യൂട്ടുകളും സുരക്ഷാ ഗോഗലുകളും വര്‍ണ്ണ കുടകള്‍ക്കും സൂര്യ തൊപ്പികളുമായി നഗരത്തിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ആളുകള്‍. നഗരത്തിലെ ചരിത്രപരമായ യെല്ലോ ക്രെയിന്‍ ടവറിന് മുന്നില്‍ വിനോദസഞ്ചാരികള്‍ പ്രത്യക്ഷപ്പെടുന്നതും ഫോട്ടോകള്‍ക്കായി പോസ് ചെയ്യുന്നതുമായ സ്വപനങ്ങള്‍ വുഹാനുകാര്‍ക്ക് വീണ്ടും യാഥാര്‍ഥ്യമാരിക്കുന്നു.
അതേസമയം, എല്ലാം സാധാരണ നിലയിലായിട്ടില്ലെന്നതും വസ്തുതയാണ്. 11 ദശലക്ഷം ആളുകളുള്ള വുഹാനില്‍ ബിസിനസ്സ് മന്ദഗതിയിലാണ്. കോവിഡിന് മുമ്പ് തീരുമാനിച്ച ചില പ്രോജക്ടുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജോലിക്കാരനായ ഹു സ്യൂ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, ഹോട്ടല്‍ ഉടമയായ യാങ് ലിയാന്‍കാങ് പറയുന്നത് കാര്യങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നതായാണ്. ഒരു മാസം മുമ്പ് ഒരു ദിവസം 300 യുവാന്‍ (28.72 ഡോളര്‍) മുതല്‍ 1,000 യുവാനില്‍ വരെ വില്‍പ്പന വര്‍ദ്ധിച്ചതായി, യാങ് ലിയാന്‍കാങ് പ്രതികരിച്ചു.