ടെല്‍അവീവ്: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇസ്രാഈല്‍ ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് ടെല്‍അവീവ് നഗരത്തില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയും വന്‍ പ്രക്ഷോഭറാലി. മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അധിനിവിഷ്ട ജറൂസലമിലും നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി നടന്നു.
നെതന്യാഹു നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണ്. ഒരു വര്‍ഷത്തിനിടെ രണ്ടു കേസുകളില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തെ നെതന്യാഹു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിപദത്തില്‍നിന്ന് തന്നെ പുറത്താക്കുന്നതിനാണ് പൊലീസ് അന്വേഷണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ടെല്‍അവീവില്‍ ക്രൈം മിനിസ്റ്റര്‍ എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത്. നെതന്യാഹു ഭരണകൂടത്തെ അഴിമതി മൂടിയിരിക്കുകയാണെന്ന് മുന്‍ പ്രതിരോധ മന്ത്രി മോഷെ യാലോന്‍ ജറൂസലം റാലിയില്‍ സംസാരിക്കവെ പറഞ്ഞു.
ഇറാനില്‍നിന്നും ഹിസ്ബുല്ലയില്‍നിന്നും നേരിടുന്നതിനെക്കാള്‍ വലിയ ഭീഷണി അഴിമതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിയാരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നെതന്യാഹു പറയുന്നു. വിദേശ കോടീശ്വരന്‍മാരില്‍നിന്നും ഹോളിവുഡിലെ പ്രമുഖരില്‍നിന്നും അനധികൃതമായി സമ്മാനങ്ങള്‍ സ്വീകരിച്ചതാണ് അന്വേഷണം നേരിടുന്ന കേസുകളിലൊന്ന്.