X

പി.ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

അന്തരിച്ച പി ടി തോമസ് എംഎല്‍എക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. സംസ്‌കാരം നടന്നത് രവിപുരം ശ്മശാനത്തില്‍ വെച്ചായിരുന്നു. ആയിരങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് സംസ്‌കാര ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകളുടെ എണ്ണം കൂടിയതോടെ സംസ്‌കാര ചടങ്ങുകള്‍ വൈകി.

രാഹുല്‍ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ് എന്നിവരുള്‍പ്പടെ നിരവധി മറ്റു നേതാക്കള്‍ പി.ടി തോനസിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ രാവിലെ 10.15നാണ് പി.ടി.തോമസ് മരണപ്പെട്ടത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണപ്പെട്ടത്. 71 വയസ്സായിരുന്നു. രോഗം സ്ഥിരീകരിച്ചത് രണ്ടു മാസം മുന്‍പാണ്.

സംസ്‌കാരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു. പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണ് സംസ്‌കാരം നടന്നത്. തന്റെ ശരീരത്തില്‍ റീത്തു വയ്ക്കരുതെന്നും അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഒരു മാസം മുന്‍പ് പി.ടി തോമസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. സുഹൃത്തുക്കള്‍ക്കാണ് പിടി തോമസ് തന്റെ അന്ത്യാഭിലാഷം എഴുതി കൈമാറിയത്.

‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ‘ എന്ന ഗാനം ചെറിയ ശബ്ദത്തില്‍ വെയ്ക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ചിതാഭസ്മം ഉപ്പുതോടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം  ഉറങ്ങണമെന്നാണാഗ്രഹമെന്നും കുറിപ്പിലുണ്ട്.സംസ്‌കാരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ നടന്നു.

1950 ഡിസംബര്‍ 12ന് ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായായിയാണ് ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെ.എസ്.യുവിലൂടെയാണ് രാഷ്രടീയ രംഗത്തെത്തുന്നത്. 2009 മുതല്‍ 14 വരെ ലോകസഭയില്‍ ഇടുക്കിയില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു. തൊടുപുഴയില്‍ നിന്ന് രണ്ട് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട്.നിലവില്‍ തൃക്കാക്കര നിയമസഭാംഗമായിരുന്നു.

Test User: