നടന്‍ മാമുക്കോയയുടെ ഖബറടക്കം ഇന്ന് നടക്കും.ഇന്നു രാവിലെ 9.30ന് അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം പത്ത് മണിയോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചക്ക് 1.05 നായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പക്ഷാഘാതത്തിനു പുറമെ ഹൃദയാഘാതവും മരണകാരണമായി. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെ.എസ്.ഇ.ബി), ജസി, ഫസ്‌ന.
മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയ (മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം) കോഴിക്കോട് എം.എം ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംരക്ഷിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകങ്ങളില്‍ അഭിനയം തുടങ്ങി. കല്ലായിയില്‍ മരം അളക്കല്‍ തൊഴിലായി സ്വീകരിച്ചപ്പോഴും നാടകം കൈവിട്ടില്ല. കെ.ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ.കെ പുതിയങ്ങാടി, കെ.ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യിലൂടെയാണ് സിനിമയിലെത്തിയത്. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1982ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ അവസരം ലഭിച്ചതോടെ വീണ്ടും സിനിമയിലെത്തി. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയുടെ വെള്ളിത്തിരയിലെ നിത്യ സാന്നിധ്യമായി. നാനൂറോളം സിനിമകളില്‍ അഭിനയിച്ചു. കോഴിക്കോടന്‍ ഭാഷയുടെ നര്‍മം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം വിതറിയ അദ്ദേഹം, ഗൗരവതരമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കയ്യടിനേടി. സത്യന്‍ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തി. റാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകള്‍. സന്ദേശത്തിലെ പൊതുവാള്‍, കണ്‍കെട്ടിലെ കീലേരി അച്ചു, നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക…, മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ കഥാപത്രങ്ങളാണ് മാമുക്കോയ പ്രേക്ഷക ഹൃദയങ്ങളില്‍ കുടിയിരുത്തിയത്. ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ നായകനായി അഭിനയിച്ച ‘ഉരു’ ആണ് അവസാന ചിത്രം.
കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്നലെ വൈകിട്ട് മൂന്നുമണി മുതല്‍ രാത്രി പത്തു മണി വരെയും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരത്തില്‍ സിനിമ, നാടക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം സാധാരണക്കാരായ ആയിരങ്ങളും ആദരാഞ്ജലികളര്‍പ്പിച്ചു.